തിരുവനന്തപുരം: വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും പുറത്ത് ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന (ഇ.എസ്.സെഡ്) സുപ്രീംകോടതി ഉത്തരവിനെതിരെ പ്രതിഷേധം കനക്കുകയാണെങ്കിലും അതിരടയാളം സ്ഥാപിക്കുന്ന നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചു. ഇതിനായി കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്‍റ് സെന്‍റർ എന്ന സര്‍ക്കാര്‍ സ്ഥാപനവുമായി വനം വകുപ്പ് ധാരണയിലെത്തി. ഇവരുമായി വകുപ്പ് ഉടന്‍ ധാരണ പത്രം ഒപ്പിടും.
സ്ഥാപനം ഉടന്‍ തന്നെ അതിരടയാള ഭൂപടം തയ്യാറാക്കുന്ന നടപടികളിലേക്ക് കടക്കും. അതേസമയം ജനവാസ മേഖലകളില്‍ അതിരടയാളം സ്ഥാപിക്കുന്നതിന് എതിരെ നടക്കുന്ന പ്രതിഷേധങ്ങളെ സര്‍ക്കാരും വനംവകുപ്പും ഭയപ്പെടുന്നുണ്ട്. ആകെ 26 കേന്ദ്രങ്ങളിലാണ് ഇത് സ്ഥാപിക്കേണ്ടി വരിക.
ഒരു കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള കെട്ടിടങ്ങള്‍, ഡാമുകള്‍, ചെക്ക് ഡാമുകള്‍, കലുങ്കുകള്‍, പാലങ്ങള്‍, കനാലുകള്‍, ഭൂവിനിയോഗ രീതികള്‍ തുടങ്ങിയവ അടയാളപ്പെടുത്തും. ജനവാസ മേഖലയായതിനാല്‍ ഇ.എസ്.സെഡ് പ്രദേശങ്ങളുടെ പടിഞ്ഞാറ് ഭാഗം കല്ലിടുന്നത് ഏറെ ശ്രമകരമാകുമെന്നാണ് വനം വകുപ്പ് ഭയക്കുന്നത്.
എന്നാല്‍ കിഴക്കന്‍ പ്രദേശം അയല്‍ സംസ്ഥാനങ്ങളുമായി കൂടി അതിര്‍ത്തി പങ്കിടുന്നതിനാല്‍ അവിടെ വലിയ പ്രശ്‌നം വനം വകുപ്പ് പ്രതീക്ഷിക്കുന്നില്ല. കേരളത്തിലെ ദേശീയ ഉദ്യാനങ്ങളായ ഇരവികുളം, സൈലന്‍റ് വാലി, ആനമുടിച്ചോല, മതികെട്ടാന്‍ ചോല, പാമ്പാടും ചോല വന്യജീവി സങ്കേതങ്ങള്‍, പറമ്പിക്കുളം കടുവാസങ്കേതം, പെരിയാര്‍ കടുവാസങ്കേതം, നെയ്യാര്‍, പീച്ചി-വാഴാനി, വയനാട്, ഇടുക്കി, പേപ്പാറ, തട്ടേക്കാട് പക്ഷി സങ്കേതം, ചെന്തുരുണി, ചിന്നാര്‍, ചിമ്മിനി, ആറളം, മംഗള വനം പക്ഷി സങ്കേതം, കുറിഞ്ഞിമല, ചൂളന്നൂര്‍ മയില്‍ സംരക്ഷണ കേന്ദ്രം, മലബാര്‍ വന്യ ജീവി സങ്കേതം കമ്മ്യൂണിറ്റി റിസര്‍വ് കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിസ്റ്റ് റിസര്‍വ് ബയോസ്‌ഫിയര്‍ റിസര്‍വുകള്‍, നീലഗിരി ബയോ റിസര്‍വ്, അഗസ്‌ത്യമല ബയോ റിസര്‍വ്, ഇത്രയും പ്രദേശങ്ങളിലെ അതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ വീതിയില്‍ പരിസ്ഥിതി ലോല മേഖല വേണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം.
അതേസമയം സുപ്രീംകോടതി ഒരു കിലോമീറ്റര്‍ മാത്രമായി ബഫര്‍ സോണ്‍ നിര്‍ദേശിച്ചത് അനുഗ്രഹമാണെന്ന് വനം വകുപ്പ് പറയുന്നു. മതികെട്ടാന്‍ ചോലയ്‌ക്ക് പുറത്ത് 10 കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണം എന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നേരത്തെ എടുത്ത തീരുമാനം. സുപ്രീംകോടതി നിര്‍ദേശത്തോടെ ഇത് ഇല്ലാതാക്കുകയാണെന്നാണ് വനം വകുപ്പ് പറയുന്നത്.
സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി ലോല മേഖലയിലെ ജന ജീവിതത്തിനോ ഉപജീവനമാര്‍ഗങ്ങള്‍ക്കോ ഒരു തരത്തിലുമുള്ള തടസവും ഉണ്ടാക്കില്ലെന്നും വനം വകുപ്പ് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന പ്രഖ്യാപനത്തിലാണ് ജനവാസ മേഖലകളിലുള്ളവരുടെ പ്രതീക്ഷ.