തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെ വീണ്ടും വെട്ടിലാക്കി നിയമസഭയുടെ അവകാശ ലംഘന കുരുക്ക്. ഐസക്കിനെതിരെ പ്രതിപക്ഷം നല്‍കിയ അവകാശ ലംഘന പരാതി നിയമസഭയുടെ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്കു വിടാന്‍ സ്പീക്കര്‍ തീരുമാനിച്ചു. കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്കെതിരായ അവകാശലംഘന പരാതി സ്പീക്കര്‍ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്കു കൈമാറുന്നത്.
കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും മുന്‍പ് മാധ്യമങ്ങൾക്ക് ചോര്‍ത്തി നല്‍കിയത് നിയമസഭയോടുള്ള അവഹേളനമെന്നു ചൂണ്ടിക്കാട്ടി വി.ഡി സതീശനാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. സിഎജി റിപ്പോര്‍ട്ട് ആദ്യം നിയമസഭയുടെ മേശപ്പുറത്താണ് വയ്‌ക്കേണ്ടതെന്നും അതിനു മുന്‍പ് റിപ്പോര്‍ട്ടുമായി മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്കു പോയത് തികഞ്ഞ അവകാശ ലംഘനമാണെന്നുമായിരുന്നു സതീശന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. പരാതിക്കു പിന്നാലെ സ്പീക്കര്‍ ധനമന്ത്രിയോടു വിശദീകരണം തേടി.
തിങ്കളാഴ്ച നിയമസഭയില്‍ സ്പീക്കറുടെ ചേമ്പറിലെത്തി തോമസ് ഐസക്ക് വിശദീകരണം നല്‍കിയെങ്കിലും മുന്‍ നിലപാടില്‍ സ്പീക്കര്‍ ഉറച്ചു നിന്നു. സംസ്ഥാനത്തിന്‍റെ താത്പര്യം കണക്കിലെടുത്തായിരുന്നു താന്‍ സിഎജി നിഗമനങ്ങള്‍ പുറത്തു പറഞ്ഞതെന്നായിരുന്നു തോമസ് ഐസക്കിന്‍റെ വിശദീകരണം. അത് ഉത്തമ ബോധ്യത്തോടെയായിരുന്നു. സഭയുടെ അവകാശ ലംഘനം എന്ന പ്രശ്‌നമുള്ളപ്പോള്‍ തന്നെ സംസ്ഥാനത്തിന്‍റെ വികസനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് സിഎജി നടത്തിയതെന്നും സ്പീക്കര്‍ക്ക് യുക്തമായ തീരുമാനമെടുക്കാമെന്നും തോമസ് ഐസക്ക് സ്പീക്കറോടു പറഞ്ഞു. ഇതോടെ തികച്ചും പ്രതിസന്ധിയിലായ സ്പീക്കര്‍ പരാതി പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്കു വിടുകയായിരുന്നു.
എ.പ്രദീപ് കുമാര്‍ അധ്യക്ഷനായ സഭാ സമിതി ഇനി ധനമന്ത്രിയോട് വിശദീകരണം തേടിയ ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി സ്പീക്കര്‍ക്ക് നല്‍കും. അതേസമയം പ്രതിപക്ഷം ഉന്നയിച്ച പരാതിയിലും മന്ത്രി ഉന്നയിക്കുന്ന വിഷയങ്ങളിലും കഴമ്പുണ്ടെന്ന് കണ്ടാണ് കൂടുതല്‍ പരിശോധനകള്‍ക്കായി പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്കു കൈമാറിയതെന്ന് സ്പീക്കര്‍ പി.ശ്രീരമാകൃഷ്ണന്‍ വിശദീകരിച്ചു.