തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ 31 ന് സ്വകാര്യ ബസുകൾ വ്യാപകമായി പണിമുടക്കും. കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികൾ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രൈവറ്റ് ബസ് ഉടമകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് സൂചന പണിമുടക്ക് നടത്തുക (Private Bus Strike Kerala On October 31).
രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കാത്തതിലും പ്രൈവറ്റ് ബസ്സുകളുടെ പെർമിറ്റുകൾ നിർത്തലാക്കാനുള്ള സർക്കാർ തീരുമാനത്തിലും പ്രതിഷേധിച്ചാണ് പണിമുടക്ക്. ദൂരപരിധി നോക്കാതെ എല്ലാ പെർമിറ്റുകളും പുതുക്കി നൽകണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു. വിഷയങ്ങളിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ നവംബർ 21 മുതൽ പ്രൈവറ്റ് ബസ്സുകൾ അനിശ്ചിതകാല സമരത്തിലേക്ക് കടക്കും.
ദരിദ്ര രേഖയ്‌ക്ക് താഴെയുള്ള വിദ്യാർത്ഥികൾക്കുള്ള സൗജന്യ യാത്ര എന്ന സർക്കാരിന്‍റെ ആശയം തെറ്റാണ്. വിദ്യാർഥികളുടെ കൺസഷൻ വർധിപ്പിക്കാതെ ഈ സംരഭത്തിന് നിലനിൽപ്പ് ഇല്ല. സർക്കാർ കരിനിയമങ്ങൾ അടിച്ച് ഏൽപ്പിക്കുന്നുവെന്നും സംയുക്ത സമിതി ആരോപിച്ചു.
മുഴുവൻ പെർമിറ്റും സർക്കാർ ഏറ്റെടുത്തു. സർക്കാർ ഒന്നും ചെവിക്കൊള്ളുന്നില്ല. ബസ് വ്യവസായം കൊണ്ട് മുന്നോട്ടു പോകാനാകാത്ത സാഹചര്യമാണ്. അതിദരിദ്ര വിദ്യാർഥികളുടെ സൗജന്യ യാത്ര സംബന്ധിച്ച് ഒരു കൂടിയാലോചനയും സർക്കാർ നടത്തിയില്ലെന്നും ബസിൽ യാത്ര ചെയ്യുന്ന 60 ശതമാനം വിദ്യാർഥികളാണെന്നും കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ആരോപിച്ചു.
എല്ലാ ബാധ്യതയും സർക്കാർ ബസ്സുടമകളിൽ കെട്ടി വയ്‌ക്കുകയാണ്. ബസുകളിൽ ക്യാമറ വയ്‌ക്കുന്നതും സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനുള്ള തീരുമാനവും അപ്രായോഗികമാണ്. സർക്കാർ സഹായം ഇല്ലാതെ ഇനി മുന്നോട്ട് പോകാൻ കഴിയില്ല. 30,000 എന്നതിൽ നിന്ന് സ്വകാര്യ ബസുകൾ 6000 ബസായി ചുരുങ്ങി. തത്കാലം ഈ നടപടികൾ നിർത്തി വയ്‌ക്കണമെന്നും കെഎസ്ആർടിസിക്ക് വേണ്ടി സ്വകാര്യ ബസുകളെ ഇല്ലാതാക്കുകയാണെന്നും കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ പറഞ്ഞു.