ചെന്നൈ: പാലക്കാട് തിരുവിഴാംകുന്നില്‍ പടക്കം കടിച്ച് കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ റിപ്പോർട്ട് സമർപ്പിക്കാൻ കേരള വനംവകുപ്പിനോട് ആവശ്യപ്പെട്ട് കേന്ദ്ര ഹരിത ട്രൈബ്യൂണല്‍. സംഭവത്തില്‍ ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തു. വന്യ ജീവികളും ജനങ്ങളും തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ കുറക്കുന്നതിന് സ്വീകരിച്ച നടപടികളെ കുറിച്ച് പഠിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. ഇതിനായി ജോയിന്‍റ് കമ്മിറ്റി രൂപീകരിക്കാനും റിപ്പോര്‍ട്ടില്‍ പറയുന്നു. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന്‍റെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരാകണം കമ്മിറ്റിയിലെ അംഗങ്ങളെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, വൈല്‍ഡ് ക്രൈം കൺട്രോള്‍ ബ്യൂറോ സീനിയര്‍ ഓഫീസര്‍ സൗത്ത് സോണ്‍, സൈലന്‍റ് വാലി ഡിവിഷന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, മണ്ണാര്‍കാട്ടേയും പുനലൂരിലേയും ഡിവിഷണല്‍ ഓഫീസര്‍മാര്‍, പാലക്കാട് ജില്ലാ കലക്ടര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജനങ്ങളും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറയക്കാന്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ട്രൈബ്യൂണല്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ സ്വീകരിച്ച നടപടികളും അറസ്റ്റിന്‍റെ വിവരങ്ങളും അറിയിക്കാനും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഒരു മാസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു.