തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്രമന്ത്രിസഭയില്‍ ഉണ്ടായേക്കാവുന്ന അഴിച്ചുപണിയെ കുറിച്ച് പ്രതികരിച്ച് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ. മന്ത്രിസഭയില്‍ സുരേഷ് ഗോപിയേയും ഉൾപ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങളിൽ മറുപടി പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നാണ് ജാവദേക്കറുടെ മറുപടി. ഊഹാപോഹങ്ങൾ ആർക്കും പ്രചരിപ്പിക്കാം. പ്രധാനമന്ത്രിയാണ് മന്ത്രിസഭയുടെ തലവൻ. തീരുമാനങ്ങൾ പ്രധാനമന്ത്രി തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെ ശക്തമായി എതിർക്കുന്ന മുസ്‌ലിം ലീഗിന് പ്രകാശ് ജാവദേക്കർ മറുപടി നൽകി. ഏക സിവിൽ നിയമം ബിജെപിയുടെ കണ്ടുപിടിത്തമല്ല. വിമർശകർ ലോ കമ്മിഷൻ ശുപാർശ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. മതപരമായ വിഷയമല്ലെന്നും തുല്യ അവകാശങ്ങളുടെ വിഷയമാണെന്നും ഭരണഘടന ശിൽപി ബി ആർ അംബേദ്‌കർ തന്നെ പറഞ്ഞിട്ടുണ്ട്.
ഭരണഘടനയാണ് ഏകീകൃത സിവിൽ കോഡ് വിഭാവനം ചെയ്‌തത്. നിർദേശക തത്വങ്ങൾ നടപ്പാക്കണമെന്ന് ഷാബാനു കേസിൽ വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മും, സിപിഐയും ഇപ്പോൾ ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നു. ഇവർ ആദ്യം അനുകൂലമായിരുന്നു. ഗോവയിൽ 60 വർഷമായി സിവിൽ കോഡ് നിലവിലുണ്ട്. ഒരു പ്രശ്‌നവും പരാതിയും ഉയർന്നിട്ടില്ല. ക്രിമിനൽ ലോ ഒന്ന് മാത്രമാണ് ഉള്ളത്. അതുകൊണ്ട് സിവിൽ നിയമവും ഒന്ന് തന്നെ ആയിരിക്കണം എന്ന് പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.
സ്ത്രീകൾ കടുത്ത ബുദ്ധിമുട്ടുകൾ സമൂഹത്തിൽ നേരിടുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതാണ് ഏക സിവിൽ നിയമം. നിരവധി മുസ്‌ലിം രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും ഏക സിവിൽ നിയമങ്ങളുണ്ട്. എല്ലാവർക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് വ്യവസായ രംഗത്ത് 28-ാം സ്ഥാനമാണ്. വിദ്യാസമ്പന്നരായ യുവാക്കൾക്ക് തൊഴിൽ തേടി മറ്റിടങ്ങളിലേക്ക് പോകേണ്ട സ്ഥിതിയാണ്. കേരളത്തിൽ നിക്ഷേപകരെ തകർക്കുകയാണ്. സംസ്ഥാനത്ത് സംരംഭകർക്ക് നേരെ ഇടത് അക്രമങ്ങൾ പതിവാകുന്ന സാഹചര്യമാണ്. പലരും ഇവിടെ നിന്ന് സംരംഭങ്ങൾ മറ്റ് സംസ്ഥാനത്തേക്ക് മാറ്റുന്ന സ്ഥിതിയാണ്.
കിറ്റക്‌സിന് നേരെ നടന്നത് കേരളം കണ്ടതാണ്. കിറ്റക്‌സ് കേരളം വിട്ട് തെലങ്കാനയിൽ പോയി. കുമരകത്ത് ബസ് മുതലാളിക്ക് നേരെയും ഇടത് കയ്യേറ്റം ഉണ്ടായി. കെഎഎൽ കേരള ആട്ടോ ലിമിറ്റഡ് കൃത്യമായി പ്രവർത്തിക്കുന്നില്ല. സംസ്ഥാനം സംരംഭക സൗഹൃദമല്ല. കേരളത്തിൽ വ്യവസായ മുരടിപ്പാണ്. തൊഴിലവസരങ്ങൾ കേരളത്തിൽ ഇല്ല. സിയറ്റ് ടയേഴ്‌സ് കേരളം വിട്ടു. ബിഎംഡബ്ലിയു വരാൻ ആഗ്രഹിച്ചു. എന്നാൽ കേരളത്തിലെ അവസ്ഥ കണ്ട് ചൈനയിൽ പോയെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
അതേസമയം നടന്‍ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ബിജെപി നേതൃത്വത്തില്‍ നീക്കം നടക്കുന്നു എന്ന തരത്തില്‍ കഴിഞ്ഞ ദിവസം സൂചനകള്‍ പുറത്തുവന്നിരുന്നു. സുരേഷ് ഗോപിയിലൂടെ തൃശൂര്‍ ലോക്‌സഭ മണ്ഡലം പിടിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് വിവരം. 2024 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനത്തിന്‍റെ ഭാഗമായാണ് കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത്.
കേന്ദ്ര മന്ത്രി എന്ന നിലയില്‍ തൃശൂരില്‍ നിന്ന് സുരേഷ് ഗോപി മത്സരിക്കുകയാണെങ്കില്‍ വിജയ സാധ്യത കൂടുമെന്ന പ്രതീക്ഷയിലാണ് ബിജെപി എന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. കഴിഞ്ഞ വര്‍ഷവും സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആയേക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ നേതൃത്വം അതിന് തയ്യാറായില്ല. 2024 ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ തിങ്കളാഴ്‌ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭ യോഗം വിളിച്ചത് മന്ത്രിസഭ അഴിച്ചുപണി മുന്നില്‍ കണ്ടാണെന്നാണ് സൂചന. മന്ത്രിസഭ പുനഃസംഘടന കൂടാതെ നിരവധി പ്രവര്‍ത്തനങ്ങളാണ് ബിജെപി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.