തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ അധികാരങ്ങളും മുഖ്യമന്ത്രിയിലേയ്ക്ക് കേന്ദ്രീകരിക്കാൻ നീക്കം നടക്കുന്നതായി പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാർക്കും കൂടുതൽ അധികാരം നൽകുന്ന റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാനാണ് തീരുമാനം. ഭേദഗതിയുമായി ബന്ധപ്പെട്ട കരട് റിപ്പോർട്ട് ചർച്ച ചെയ്യാൻ ചേർന്ന മന്ത്രിസഭ ഉപസമിതി യോഗത്തിൽ രണ്ട് മന്ത്രിമാർ എതിർപ്പ് പ്രകടമാക്കിയെന്നാണ് അറിയുന്നത്.
റൂൾസ് ഓഫ് ബിസിനസിൽ ഭേദഗതി വന്നാൽ മറ്റു മന്ത്രിമാർക്ക് കാൽ കാശിന്‍റെ വില പോലുമുണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു. കൊവിഡ് കാലത്തെ അഴിമതികൾ പുറത്തു വന്ന സാഹചര്യത്തിലാണ് അധികാരം കേന്ദ്രീകരിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നത്. തീരുമാനം ജനാധിപത്യത്തെ അപഹസിക്കുന്നതാണെന്നും ഇതിനെ ശക്തമായി എതിർക്കുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.