തിരുവനന്തപുരം: അമൃത് പദ്ധതി അവസാനിക്കുമ്പോൾ കേരളം 16-ാം സ്ഥാനത്ത്. മുൻഗണന വിഭാഗമായ മലിനജല സംസ്‌കരണത്തിലാണ് സംസ്ഥാനം ഏറ്റവും പിന്നിലായത്. മലിന ജല സംസ്‌കരണത്തിനായി പദ്ധതി തുകയുടെ 43.81 ശതമാനം മാത്രമായിരുന്നു സംസ്ഥാനം വിനിയോഗിച്ചിരുന്നത്.
സാമ്പത്തിക വർഷാവസാനമായ മാർച്ച് 31 നായിരുന്നു അമൃത് ഒന്നാം ഘട്ടം അവസാനിച്ചത്. രണ്ടാം ഘട്ട അമൃത് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ജലവിതരണം, മലിനജല സംസ്‌കരണം, കാന നവീകരണം, നഗര ഗതാഗതം, നഗര സൗന്ദര്യവത്കരണം എന്നീ മേഖലകളുടെ വികസനത്തിനായി 2357.69 കോടി രൂപയാണ് വകയിരുത്തിയത്. ഇതിൽ പദ്ധതി തുകയുടെ 69.05 ശതമാനമായ 1591.63 കോടി രൂപയാണ് ചെലവിട്ടത്.
സംസ്ഥാനത്തെ ഒമ്പത് നഗരങ്ങളിലായി 1,012 പദ്ധതികളായിരുന്നു 2015 ൽ ആരംഭിച്ച അമൃത് ഒന്നിൽ ഉൾപ്പെടുത്തിയിരുന്നത്. അഞ്ചു വർഷത്തേക്കായിരുന്നു പദ്ധതി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇതിനിടയിൽ കൊവിഡ് വന്നത് പരിഗണിച്ച് രണ്ട് വർഷത്തേക്ക് കൂടി പദ്ധതി നീട്ടുകയായിരുന്നു.
തുക കുറച്ച് ചെലവിട്ട് കൊല്ലം, കൂടുതല്‍ വിനിയോഗിച്ചത് കണ്ണൂര്‍: കേന്ദ്രം 50 ശതമാനം, സംസ്ഥാനം 30 ശതമാനം, തദ്ദേശ സ്ഥാപനം 20 ശതമാനം എന്നിങ്ങനെയാണ് അമൃത് പദ്ധതിയുടെ വിഹിതം. പദ്ധതി തുക കൊല്ലം കോർപറേഷനാണ് ഏറ്റവും കുറവ് ചെലവിട്ടത്. മൊത്തം അനുവദിച്ച 292.93 കോടിയുടെ 36 ശതമാനമായ 105.45 കോടി രൂപയാണ് അമൃത് പദ്ധതിയുടെ ഭാഗമായി കൊല്ലം കോർപറേഷൻ ചെലവിട്ടത്.
ഏറ്റവും കൂടുതൽ തുക ചെലവിട്ടത് കണ്ണൂർ കോർപറേഷനാണ്. 226.84 കോടി രൂപയുടെ 85.31 ശതമാനമായ 193.51 കോടി രൂപയാണ് കണ്ണൂർ കോർപറേഷൻ ഉപയോഗിച്ചത്. സംസ്ഥാനത്താകമാനം അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയ 874 പദ്ധതികളാണ് ഇതിനോടകം പൂർത്തിയായത്. അതേസമയം കോർപറേഷനുകളുടെ നേതൃത്വത്തിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച പദ്ധതികളുടെ ഭാവി ടെൻഡർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക ഇനി അമൃത് ഒന്നിൽ ഉൾപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വയം സഹിക്കേണ്ടി വരും.
രണ്ടാം ഘട്ട അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ തുടർ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക ബാധ്യതയുണ്ടാകില്ല. എന്നാൽ അമൃതിൽ ഉൾപ്പെടുത്തി 30 ശതമാനം നിർമാണം പൂർത്തിയായാൽ അമൃത് രണ്ടിൽ പദ്ധതികൾ ഉൾപ്പെടുത്തില്ലെന്നാണ് നിലവിലെ ചട്ടം. അമൃത് രണ്ട് ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യവ്യാപകമായി അമൃത് ഒന്നിൽ ആരംഭിച്ച പദ്ധതികളുടെ പൂർത്തീകരണത്തിനായി 22,000 കോടി രൂപ അനുവദിച്ചിരുന്നു.
തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കൊല്ലം, കൊച്ചി, ഗുരുവായൂർ, ആലപ്പുഴ നഗരങ്ങൾക്കായിരുന്നു അമൃത് ഒന്നിൽ സംസ്ഥാനത്ത് അംഗീകാരം ലഭിച്ചിരുന്നത്. സംസ്ഥാനത്ത് അമൃത് ഒന്നിൽ ചെലവഴിച്ചതിൽ 74.17 ശതമാനം തുക ജല വിതരണത്തിനായിരുന്നു വകയിരുത്തിയിരുന്നത്. കാന നവീകരണത്തിന് 81.23 ശതമാനം, നഗര സൗന്ദര്യവത്കരണത്തിന് 80.63 ശതമാനം, നഗര ഗതാഗതത്തിന് 63.39 ശതമാനം എന്നിങ്ങനെയായിരുന്നു പദ്ധതിയുടെ വിഹിതം.
അമൃത് പദ്ധതി വിഹിതം ഏറ്റവും കൂടുതൽ ചെലവഴിച്ച സംസ്ഥാനം ഒഡിഷയാണ്. 98 ശതമാനം തുകയും ഒഡിഷ ചെലവഴിച്ചു. രണ്ടാം സ്ഥാനത്തുള്ള തെലങ്കാന 92 ശതമാനം തുക വിനിയോഗിച്ചു. മൂന്നാം സ്ഥാനത്തുള്ള മിസോറാം 91.7 ശതമാനമാണ് വിഹിതം ചെലവഴിച്ചത്.