തിരുവനന്തപുരം: പൂവച്ചല്‍ ഖാദറിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും. ചലച്ചിത്രഗാന രംഗത്തും ലളിതഗാന രംഗത്തും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ കവി പൂവച്ചല്‍ ഖാദറിന്‍റെ നിര്യാണം സാഹിത്യ സാംസ്‌കാരിക ലോകത്തിന് കനത്ത നഷ്‌ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ശ്രദ്ധേയമായ ഗാനങ്ങൾ
നാനൂറോളം സിനിമകളിലായി 1400 ലേറെ പാട്ടുകളെഴുതിയ അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ ആസ്വാദകരുടെ മനസില്‍ ഒരുപോലെ തത്തിക്കളിക്കുന്നതാണ്. ഒരു പക്ഷേ മലയാളത്തില്‍ ഇത്രയധികം ഗാനങ്ങള്‍ എഴുതിയ രചയിതാവ് പൂവച്ചല്‍ ഖാദറായിരിക്കും. അസാധാരണ സ്വീകാര്യതയാണ് അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ക്കുണ്ടായത്. രാമായണക്കിളി, ജയദേവകവിയുടെ തുടങ്ങിയ ഗാനങ്ങള്‍ പതിറ്റാണ്ടുകളായി കേരളത്തില്‍ ശ്രദ്ധേയമായി നിലനില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അനുസ്‌മരിച്ചു.
സാംസ്‌കാരിക ലോകത്തിന് കൊവിഡ് വരുത്തിയ മറ്റൊരു നഷ്‌ടം
കൊവിഡ് സാംസ്‌കാരിക ലോകത്തിന് വരുത്തിയ മറ്റൊരു നഷ്‌ടമാണ് പൂവച്ചല്‍ ഖാദറിന്‍റെ വിയോഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. മലയാളികള്‍ക്ക് മനസില്‍ പതിറ്റാണ്ടുകളോളം സൂക്ഷിക്കാന്‍ ഒട്ടേറെ ഗാനങ്ങളാണ് അദ്ദേഹം സമ്മാനിച്ചത്. മലയാളികളെ അത്രമേല്‍ വൈകാരികവും ആഴത്തില്‍ സ്‌പര്‍ശിക്കുന്നതും പ്രണയാര്‍ദ്രവുമായിരുന്നു പൂവച്ചല്‍ ഖാദറിന്‍റെ രചനകളെന്നും വി.ഡി സതീശൻ ഫേസ്‌ബുക്കില്‍ കുറിച്ചു.
ചലചിത്രഗാനങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയ കാലം മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയ പേരാണ് പൂവച്ചല്‍ ഖാദറിന്‍റേതെന്ന് സ്‌പീക്കര്‍ എം.ബി.രാജേഷ് അനുസ്‌മരിച്ചു. മലയാള സിനിമയുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ വലിയ തോതില്‍ ഭാഗമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കേരളത്തിന്‍റെ കാല്‌പനികത ഒപ്പിയെടുത്ത ഗാനങ്ങളായിരുന്നു അദ്ദേഹത്തിന്‍റേതെന്നും സ്‌പീക്കര്‍ പറഞ്ഞു.