തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയേയും കുടുംബാംഗങ്ങളേയും ആരോപണ മുനയില്‍ നിര്‍ത്തിയ സ്വപ്‌ന സുരേഷിനെതിരെ സര്‍ക്കാര്‍ നടപടി കടുപ്പിക്കുന്നു. വെളിപ്പെടുത്തലില്‍ ഗൂഢാലോചനയുണ്ടെന്നുകാട്ടി മുന്‍ മന്ത്രി കെ.ടി ജലീല്‍ നല്‍കിയ പരാതിക്കുപിന്നാലെ കേസെടുത്ത പൊലീസ്, അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാന്‍ തീരുമാനിച്ചു.
സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ ഗൂഢാലോചനയുണ്ടെന്ന് പൊലീസ് മേധാവിയും ഗൂഢാലോചന സംബന്ധിച്ച് പരിശോധിക്കാന്‍ പ്രത്യേക സംഘം രൂപീകരിക്കുമെന്ന് എഡിജിപി വിജയ് സാഖറെയും വ്യക്തമാക്കി. അതിനിടെ ബുധനാഴ്‌ച പിടിച്ചെടുത്ത സരിത്തിന്‍റെ മൊബൈല്‍ ഫോണ്‍ തിരുവനന്തപുരത്തെ വിജിലന്‍സ് ആസ്ഥാനത്തെത്തിച്ച് ഫോറന്‍സിക് പരിശോധന നടത്തും. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിജിലന്‍സ് വിശദീകരണം.
എന്നാല്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് തന്നെ കേന്ദ്ര ഏജന്‍സികള്‍ നിരവധി തവണ ചോദ്യം ചെയ്തതാണെന്നും അന്ന് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തതാണെന്നും സരിത്ത് പറയുന്നു. ഇപ്പോള്‍ കൈയിലുള്ളത് ജയില്‍ മോചിതനായ ശേഷമുള്ള പുതിയ ഫോണാണ്.
ഇപ്പോഴത്തെ നടപടി മനപൂര്‍വമാണെന്നാണ് സരിത്തിന്‍റെ ആരോപണം. പ്രതിപക്ഷവും സമാന കാര്യമാണ് ആരോപിക്കുന്നത്. പി.സി ജോര്‍ജിനെതിരെയും സ്വപ്‌ന സുരേഷിനെതിരെയും ഗൂഢാലോചനയ്ക്ക് കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസാണ് കേസെടുത്തത്.