തിരുവനന്തപുരം: പേരൂർക്കടയിൽ ഒരേ ദിവസം രണ്ട് വീടുകളിൽ കവർച്ച നടത്തിയത് അന്തർസംസ്ഥാന മോഷ്‌ടാക്കളുടെ സംഘമെന്ന് സംശയിക്കുന്നതായി പൊലീസ്. പല സംസ്ഥാനത്ത് നിന്നുമെത്തി കവർച്ച നടത്തിയ ശേഷം തിരികെ മടങ്ങുന്നവരാകാം കവർച്ച നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിവരുന്നത്.
ദൃശ്യങ്ങളിൽ നിന്നും സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ളവർ ഉൾപ്പെട്ട സംഘമാണ് കവർച്ച നടത്തിയതെന്ന് പൊലീസ് മനസിലാക്കിയതായി പേരൂർക്കട എസ്എച്ച്ഒ ഇടിവി ഭാരതിനോട് പറഞ്ഞു. മോഷണം നടന്ന വീടുകളിൽ നിന്നും പ്രതികളുടെ ഫിംഗർപ്രിന്‍റ് വ്യക്തമായി ലഭിച്ചിട്ടില്ല. ഇത് ഇവർ വിദഗ്‌ധമായി മായ്ച്ച് കളഞ്ഞതായി പൊലീസ് സംശയിക്കുന്നുണ്ട്.
സഹായമായത് സിസിടിവി ദൃശ്യങ്ങള്‍: കഴിഞ്ഞ ശനിയാഴ്‌ച അർധരാത്രിക്കും ഞായറാഴ്‌ച പുലർച്ചെയുമാണ് ഒരു ദിവസം രണ്ട് വീടുകളിൽ കവർച്ച നടന്നത്. കാറിലെത്തിയ സംഘമാണ് മോഷണം നടത്തിയതെന്ന് പൊലീസ് തിങ്കളാഴ്‌ച തന്നെ തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് മോഷണം നടന്ന സ്ഥലങ്ങളിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചപ്പോഴാണ് മോഷ്‌ടാക്കളെ തിരിച്ചറിഞ്ഞത്.
തിരുവനന്തപുരം നഗരത്തിലെ ഒരു മോഷ്‌ടാവും ഈ സംഘത്തിൽ ഉൾപ്പെടുന്നതായി പൊലീസ് സംശയിക്കുന്നു. ഇയാളുടെ സഞ്ചാര പാതയും പൊലീസ് അന്വേഷിച്ച് വരികയാണ്. വീട്ടുസാധനങ്ങളും ആഭരണങ്ങളുമാണ് മോഷ്‌ടാക്കൾ കവർന്നത്.
പേരൂർക്കട മണ്ണാമൂല റോഡിലെ പത്മവിലാസം ലെയ്‌നിൽ താമസിക്കുന്ന കാർത്തികേയൻ. പണിക്കേഴ്‌സ് ലൈനിൽ താമസിക്കുന്ന ആൻസർ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. വീട്ടുകാർ ലുലു മാൾ മിഡ് നൈറ്റ് ഷോപ്പിങിന് പോയി പുലർച്ചെ 2:45ന് മടങ്ങി വന്നപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.
കാശ്‌മീരിൽ കേണലായ അൻസറിന്‍റെ ഭാര്യ തൃശൂരുള്ള ബന്ധു വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. ഞായറാഴ്‌ച രാവിലെ തിരികെ എത്തിയപ്പോഴാണ് വീടിന്‍റെ വാതിൽ തകർത്തതായി കണ്ടത്. കഴിഞ്ഞ ഒരാഴ്‌ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം നഗരത്തിൽ മോഷണം നടക്കുന്നത്.
മണക്കാട് മോഷണക്കേസിലെ പ്രതികള്‍ പിടിയില്‍: അതേസമയം, മണക്കാട് മോഷണത്തിൽ പിടിയിലായ പ്രതിയിൽ നിന്നും സ്വർണം കണ്ടെടുക്കുന്നതിനുള്ള ശ്രമം തുടരുന്നുവെന്ന് ഫോർട്ട് അസി. കമ്മിഷണർ ഷാജി എസ് അറിയിച്ചു. 87.5 പവൻ സ്വർണം മോഷ്‌ടിച്ച കേസിൽ നെടുമങ്ങാട് പത്താം കല്ല് സ്വദേശി ഷെഫീഖ് (34) കാട്ടാക്കട കോട്ടൂർ സ്വദേശിനി ബീമാക്കണ്ണ് (47) എന്നിവരാണ് പിടിയിലായത്.
കുമാരപുരത്തുള്ള ലോഡ്‌ജിൽ നിന്നുമാണ് ഷെഫീഖിനെ പൊലീസ് പിടികൂടുന്നത്. കൊട്ടൂരുള്ള വസതിയിൽ നിന്നാണ് ബീമാകണ്ണൻ അറസ്‌റ്റിലായത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പ്രതികളെ പൊലീസ് വലയിലാക്കിയത്. വധശ്രമക്കേസിലും ബലാത്സംഗ കേസിലും മോഷണക്കേസിലും ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയായിരുന്നു.
വീട്ടുകാർ പുറത്ത് പോയപ്പോൾ പൂട്ടാൻ മറന്ന് പോയ രണ്ടാം നിലയിലെ വാതിൽ വഴിയാണ് ഇയാൾ അകത്തു കടന്നത്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി കൂടുതൽ ചോദ്യം ചെയ്യലിനായി കസ്‌റ്റഡിയിൽ വാങ്ങുമെന്നും ഫോർട്ട് എ സി ഷാജി എസ് അറിയിച്ചു.