തിരുവനന്തപുരം: പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് പൊലീസിന് ഡിജിപി ലോക് നാഥ് ബെഹ്റയുടെ നിർദേശം. മാസ്ക് ധരിക്കാത്തവരെ അതു ധരിക്കാൻ വിനയത്തോടെയും ശക്തമായും പ്രേരിപ്പിക്കുകയാണ് വേണ്ടത്. നിയമാനുസൃത നടപടി സ്വീകരിക്കാമെന്നും അപമര്യാദയായി പെരുമാറാൻ പാടില്ലെന്നും ഡിജിപി നിർദേശിച്ചു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ തീരുമാനം.
ചരക്ക് കൊണ്ടു പോകുന്ന വാഹനങ്ങൾ പരിശോധിക്കാൻ പാടില്ല. ഇത്തരം വാഹനങ്ങളിൽ മയക്കുമരുന്ന്, കള്ളക്കടത്ത് സമഗ്രികൾ എന്നിവ കൊണ്ടുപോകുന്നതായി വ്യക്തമായ വിവരം ലഭിച്ചാൽ മാത്രമേ ചരക്കുവാഹനങ്ങൾ പരിശോധിക്കാവൂ. തിരിച്ചറിയൽ കാർഡില്ലാത്ത സാധാരണ ജോലിക്കാരെയും കൂലിപ്പണിക്കാരെയും യാത്ര ചെയ്യാൻ അനുവദിക്കണം. ഇവരുടെ പേരും ഫോൺ നമ്പറും വാങ്ങിവയ്ക്കണം.
ഹോം നഴ്‌സ്, മുതിർന്നവരെ വീടുകളിൽ പോയി പരിചരിക്കുന്നവർ എന്നിവരെ സാക്ഷ്യപത്രം പരിശോധിച്ച് കടത്തിവിടണം. ആനകൾക്കുള്ള ഭക്ഷ്യ വസ്‌തുക്കൾ കൊണ്ടു പോകുന്ന വാഹനങ്ങൾ തടയരുത് തുടങ്ങിയ നിർദേശങ്ങളാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദേശം.