തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ഒരുമാസമായി പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്ന് 30 കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു. ബ്രഹ്മംകോട് സ്വദേശി സനീഷ് കുമാറിന്‍റെ അടച്ചിട്ടിരുന്ന വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. സനീഷും ഭാര്യയും കഴിഞ്ഞ ഒരു മാസമായി മകളുടെ വിട്ടിലായിരുന്നു താമസം.
ഇന്ന് (വെള്ളിയാഴ്‌ച) വീട്ടിലെത്തുമ്പോഴാണ് സിറ്റൗട്ടില്‍ ഇട്ടിരുന്ന കട്ടിലിനടിയിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. 13 പാക്കറ്റ് കഞ്ചാവ് പൊതികള്‍ നാല് ബാഗുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. തുടര്‍ന്ന് നെയ്യാറ്റിന്‍കര പൊലീസിനെ സനീഷ് വിവരമറിയിക്കുകയായിരുന്നു. വീട്ടുടമ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി നടപടി സ്വീകരിച്ചു.
ALSO READ: കൂട്ടുപുഴയില്‍ വന്‍ കഞ്ചാവ് വേട്ട ; 227 കിലോയുമായി മൂന്ന് പേര്‍ അറസ്റ്റില്‍
ക്രിസ്തുമസ്-ന്യൂ ഇയർ വിപണി ലക്ഷ്യമിട്ട് ശേഖരിച്ചതായിരിക്കാമെന്നും വീട്ടില്‍ ആളില്ലാത്തതിനാല്‍ ഇവിടെ സൂക്ഷിച്ചിരിക്കാമെന്നുമാണ് പൊലീസിന്‍റെ നിഗമനം. ഒരാഴ്ച മുമ്പ് സമീപത്തുനിന്ന് 40 കിലോ കഞ്ചാവ് എക്സൈസ് എൻഫോഴ്സ്മെന്‍റ് പിടികൂടിയിരുന്നു.
പ്രദേശത്ത് കഞ്ചാവ് മാഫിയകളുടെ സജീവസാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ നിരവധി പരാതി നൽകിയിട്ടും പൊലീസ് മൗനം പാലിക്കുന്നതായും ആക്ഷേപമുണ്ട്.