തിരുവനന്തപുരം : നിയമന തട്ടിപ്പ് കേസിൽ (Recruitment Bribery Case) ഹരിദാസനെ പ്രതി ചേർക്കേണ്ടെന്ന് കന്‍റോൺമെന്‍റ് പൊലീസിന് നിയമോപദേശം (Legal Advice To Cantonment Police). ആവശ്യമെങ്കിൽ പിന്നീട് ഹരിദാസനെ പ്രതി ചേർക്കാം. തത്കാലം സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയാൽ മതിയെന്നും നിയമോപദേശമുണ്ട്.
അതേസമയം പത്തനംതിട്ട പൊലീസിന്‍റെ പിടിയിലായ അഖിൽ സജീവിനെ കന്‍റോൺമെന്‍റ് പൊലീസ് ഇന്ന് (13.10.203) കസ്‌റ്റഡിയിൽ വാങ്ങി. മഞ്ചേരിയിൽ നിന്ന് എഐഎസ്എഫ് നേതാവ് കെപി ബാസിത്തിന്‍റെ അറസ്റ്റ് കന്‍റോണ്‍മെന്‍റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. മാത്രമല്ല അഖിൽ സജീവിനെയും ബാസിത്തിനെയും പൊലീസ് ഇന്ന് ചോദ്യം ചെയ്യും. കേസിലെ രണ്ടാം പ്രതിയായ ലെനിൻ രാജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്‌ച കോടതി പരിഗണിക്കും. കേസിലെ മറ്റൊരു പ്രതിയായ റഹീസിന്‍റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് (13.10.203) വിധി പറയും.
ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫ് അംഗം അഖിൽ മാത്യു നിയമനത്തിനായി കൈക്കൂലി വാങ്ങിയെന്നായിരുന്നു ഹരിദാസന്‍റെ ആരോപണം. എന്നാൽ അഖിൽ മാത്യുവിനെ കണ്ടിട്ട് പോലുമില്ലെന്ന് ഹരിദാസൻ പിന്നീട് മൊഴി മാറ്റി പറയുകയായിരുന്നു. നിരന്തരമായി ഹരിദാസൻ മൊഴി മാറ്റി പറയുന്നതിനെ തുടർന്ന് സംഭവത്തിൽ ഗൂഢാലോചനയും പൊലീസ് സംശയിക്കുന്നുണ്ട്. കേസിൽ ബാസിത്, റഹീസ് എന്നിവരുടെ പങ്കും പൊലീസ് അന്വേഷിച്ചുവരികയാണ്. ഹരിദാസനെയും ബാസിത്തിനെയും അഖിൽ സജീവിനെയും കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്‌തിരുന്നു.
സംഭവം ഇങ്ങനെ : ആയുഷ്‌മാന്‍ കേരള പദ്ധതിയില്‍ ഡോക്‌ടറായി മരുമകള്‍ക്ക് നിയമനം നല്‍കാമെന്ന് പറഞ്ഞ് പത്തനംതിട്ടയിലെ മുന്‍ സിഐടിയു ജില്ല ഓഫിസ് സെക്രട്ടറിയായ അഖില്‍ സജീവും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും ചേര്‍ന്ന് പലതവണയായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ആരോപണം. മലപ്പുറം സ്വദേശി ഹരിദാസന്‍ കുമ്മാളി എന്ന വ്യക്തിയാണ് മന്ത്രിയുടെ പേഴ്‌സണല്‍ സ്‌റ്റാഫിനെതിരെ കൈക്കൂലി വാങ്ങി കബളിപ്പിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്.
മകന്‍റെ ഭാര്യയ്‌ക്ക് മെഡിക്കല്‍ ഓഫിസര്‍ നിയമനം തരപ്പെടുത്തി നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌ത് പണം വാങ്ങിയെന്നാണ് പരാതിയില്‍ ആരോപിച്ചത്. എന്നാല്‍ പിന്നീട് ഈ മൊഴിയില്‍ നിന്ന് ഇയാള്‍ മലക്കം മറിയുകയായിരുന്നു.