തിരുവനന്തപുരം: കുട്ടികള കാണാതാകുന്ന സംഭവങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ നാടോടികളെ നിരീക്ഷിക്കാൻ ജനമൈത്രി പൊലീസിനെ നിയോഗിച്ചു. നാടോടികളുടെ വിവരങ്ങൾ ശേഖരിക്കാൻ നടപടി സ്വീകരിച്ചതായും ഡി.ജി.പി ലോക്‌നാഥ് ബഹ്റ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
കുട്ടികളെ കാണാതാവുന്ന സംഭവങ്ങൾ നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാൻ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകിയിരുന്നു. ഇതേതുടർന്ന് ഡി.ജി.പി നൽകിയ റിപ്പോർട്ടിലാണ് നാടോടികളെ പൊലീസ് നിരീക്ഷിക്കുന്നതായി വ്യക്തമാക്കിയിരിക്കുന്നത്.
കുട്ടികളെ കാണാതാകുന്ന പരാതികളിൽ സത്വര നടപടികൾ പൊലീസ് സ്വീകരിക്കുന്നുണ്ട്. കൊല്ലം പള്ളിമണ്ണിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴു വയസുകാരി ദേവനന്ദയെ പള്ളിമൺ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മനുഷ്യാവകാശ പ്രവർത്തകനായ പി.കെ രാജു സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷൻ്റെ നടപടി.