തിരുവനന്തപുരം: ഇന്ന് നടന്ന സെക്രട്ടേറിയറ്റ് മാർച്ചിലെ അറസ്‌റ്റുമായി ബന്ധപെട്ട് യൂത്ത് കോൺഗ്രസ് നേതാക്കളും പൊലീസും തമ്മിൽ ധാരണ (Police Compromised With Youth Congress Workers ). ഡിസിസി ഓഫീസിന് മുന്നിൽ ഏറെ നേരം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ധാരണയിലെത്താനായത്. പൊലീസ് വാഹനത്തിൽ നിന്ന് വലിച്ചിറക്കിയ രണ്ട് പ്രവർത്തകരെ തിരികെ പൊലീസിന് കൈമാറാൻ നേതാക്കൾ തീരുമാനിച്ചു. നേമം അസംബ്ലി സെക്രട്ടറി ഹൈദർ ആലി, ചെറിയതുറ യൂണിറ്റ് പ്രസിഡന്‍റ് ഹനോക് എന്നിവരെയാണ് പൊലീസിന് കൈമാറിയത്. ഇവരെ മ്യൂസിയം സ്റ്റേഷനലിലേക്ക് കൊണ്ടുപോയി.
ഡിസിസി ഓഫീസിനു മുന്നിൽ വച്ചാണ് അറസ്‌റ്റ് ചെയ്‌ത പ്രവർത്തകരെ വാഹനം ആക്രമിച്ച് ബലം പ്രയോഗിച്ച് ഇറക്കിയത്. ഇതേത്തുടർന്ന് പൊലീസ് ഡിസിസി ഓഫീസിന് മുൻപിൽ നിലയുറപ്പിക്കുകയായിരുന്നു. അതേസമയം കൂടുതൽ പ്രവർത്തകരെ അറസ്‌റ്റ് ചെയ്യുമെന്നത് പൊലീസിന്‍റെ അത്യാഗ്രഹമാണെന്നും പ്രവർത്തകരെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. ഇതിനേക്കാൾ എത്രയോ വലിയ സമരങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് രാഷ്ട്രീയ പ്രേരിതമാണ്. അദ്ദേഹം ആരോപിച്ചു. എസ്എഫ്ഐക്കാരോട് പോലീസ് റെഡ് വളണ്ടിയർമാരെ പോലെയും തങ്ങളോട് ഗുണ്ടകളെ പോലെയുമാണ് പെരുമാറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മലപ്പുറത്തും സംഘർഷം: മലപ്പുറത്തും കോൺഗ്രസിന്‍റെ പൊലീസ് സ്റ്റേഷന്‍ മാർച്ചില്‍ സംഘർഷമുണ്ടായി. വണ്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടൂര്‍ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചാണ് അക്രമാസക്തമായത്. മാര്‍ച്ച് അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് സെക്രട്ടറി അഡ്വ. ഫാത്തിമ റോഷ്‌ന ഉദ്ഘാടനം ചെയ്‌തു.