തിരുവനന്തപുരം: പാറ്റൂര്‍ മൂലവിളാകത്ത് സ്ത്രീക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പൊലീസ് സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ചു. മൂലവിളാകത്ത് സ്ത്രീക്ക് നേരെയുണ്ടായ ആക്രമണം നടന്ന സ്ഥലത്തിന് സമീപത്തുള്ള വീടുകളില്‍ സ്ഥാപിച്ചിരുന്നു സി സി ടി വി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. സംഭവം നടന്ന് 12-ാം ദിവസവും പ്രതിയെ കുറിച്ച് പൊലീസിന് യാതൊരു സൂചനയും ലഭിച്ചിട്ടില്ല.
ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് പോവുകയായിരുന്ന വീട്ടമ്മയെ മറ്റൊരു ഇരചക്ര വാഹനത്തില്‍ പ്രതി പിന്തുടരുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. എന്നാല്‍ അക്രമിയെ കുറിച്ചോ അക്രമി സഞ്ചരിച്ച വാഹനത്തിന്‍റെ നമ്പറിനെ കുറിച്ചോ ദൃശ്യങ്ങളില്‍ വ്യക്തതയില്ല. നിലവില്‍ 7 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നതെങ്കിലും സംഭവത്തില്‍ പ്രതിയെ കുറിച്ച് യാതൊരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല.
49കാരിയായ സ്ത്രീയെ വാഹനത്തില്‍ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തിയ ശേഷം ലൈംഗികാതിക്രമം നടത്തുകയും എതിര്‍ത്തപ്പോള്‍ ഇരയുടെ തലപിടിച്ച് ശക്തിയായി ചുമരില്‍ ഇടിക്കുകയും മുഖത്തും കഴുത്തിലും കണ്ണിലും മാന്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തെ ശക്തിയായി പ്രതിരോധിച്ച ഇവര്‍ കൈയില്‍ കിട്ടിയ പാറക്കഷ്‌ണം ഉപയോഗിച്ച് പ്രതിരോധിച്ചപ്പോഴാണ് പ്രതി സ്ഥലത്ത് നിന്നും കടന്നു കളഞ്ഞത്. തുടര്‍ന്ന് വീട്ടിലെത്തിയ ഇവര്‍ മകളുടെ സഹായത്തോടെ പേട്ട പൊലീസ് സ്റ്റേഷൻ നമ്പര്‍ ഗൂഗിളില്‍ നിന്നും ശേഖരിക്കുകയും ഉടന്‍ വിവരമറിയിക്കുകയും ചെയ്‌തെങ്കിലും നടപടി ഒന്നുമുണ്ടായിരുന്നില്ല.
സംഭവം നടന്ന ദിവസം അര്‍ധ രാത്രിയോടെ പൊലീസ് സ്റ്റേഷനില്‍ നിന്നും തിരിച്ചു വിളിച്ച് കാര്യം അന്വേഷിച്ചെങ്കിലും ഇരയുടെ പേരു മേല്‍വിലാസവും മാത്രം ശേഖരിച്ച് പരാതിയുമായി സ്‌റ്റേഷനില്‍ നേരിട്ട് എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഒപ്പം വരാനോ സഹായത്തിനോ ആരുമില്ലെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞെങ്കിലും പിന്നീട് നടപടി ഒന്നും സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് പരിക്കുകള്‍ ഭേദമായതിന് ശേഷം മാര്‍ച്ച് 16ന് കമ്മിഷണര്‍ ഓഫിസില്‍ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചത്.
More Read: വഞ്ചിയൂരില്‍ സ്ത്രീയെ ആക്രമിച്ച സംഭവം: സിസിടിവി ദൃശ്യത്തില്‍ വ്യക്തതയില്ലെന്ന് പൊലീസ്
സംഭവം വിവാദമായതോടെ ആക്രമണം നടന്ന ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജയരാജ്, രഞ്ജിത്ത് എന്നീ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ആക്രമണം നടന്നിട്ടും എസ് ഐയെയോ സി ഐയെയോ ആക്രമണത്തിന്‍റെ വിവരം അറിയിച്ചില്ലെന്ന് കമ്മിഷണറുടെ അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് സസ്‌പെന്‍ഷൻ നടപടി സ്വീകരിച്ചത്.
സംഭവത്തിന് ശേഷം ആക്രമണത്തിന് ഇരയായ സ്ത്രീയുടെ വീട്ടില്‍ മന്ത്രി വി ശിവന്‍കുട്ടി, വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ സന്ദർശിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം ശക്തിപ്പെടുത്താന്‍ കമ്മീഷണര്‍ ഓഫിസില്‍ നിന്നും പേട്ട പൊലീസിന് നിര്‍ദേശം നൽകിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ 7 ഓളം സംഘങ്ങളെ പ്രതിയെ പിടികൂടാനായി സജ്ജമാക്കിയിട്ടുള്ളത്. എന്നാല്‍ സംഭവം നടന്ന് ഇന്ന് 12 ദിവസമാകുമ്പോഴും പൊലീസ് പൂര്‍ണമായും ഇരുട്ടില്‍ തപ്പുകയാണ്.