തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും പൊലീസിന്‍റെ ക്രൂര മർദനം. നെയ്യാറ്റിൻകരക്ക് സമീപം മാറനല്ലൂരിൽ വിദ്യാർഥിയായ 17കാരനെ പൊലീസ് മർദിച്ചതായാണ് ആരോപണം. മകനെ സ്റ്റേഷനിൽ വച്ച് മർദിക്കുന്നത് കണ്ട പിതാവ് കുഴഞ്ഞു വീണു.
കുടുംബ പ്രശ്‌നത്തെ സംബന്ധിച്ചുള്ള പരാതി പരിഹരിക്കുന്നതിനായി മകനെയും പിതാവിനെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തുകയായിരുന്നു. കാര്യങ്ങൾ അന്വേഷിക്കുന്നതിനിടെ മഫ്‌തിയിൽ ഉണ്ടായിരുന്ന പൊലീസുകാരൻ 17കാരന്‍റെ നെഞ്ചിൽ ഇടിക്കുകയായിരുന്നുവെന്നാണ് പിതാവ് പറയുന്നത്. ഇതു കണ്ടാണ് പിതാവ് കുഴഞ്ഞു വീണത്. എന്നാൽ പൊലീസ് ആരോപണം നിഷേധിച്ചു.
സംഭവത്തെ തുടർന്ന് പിതാവും മകനും കാട്ടാക്കട താലൂക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവർക്കും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് സൂചന.