തിരുവനന്തപുരം : പുതുവത്സരാഘോഷങ്ങള്‍ അതിരുവിടാതിരിക്കാനും ക്രമസമാധാനം ഉറപ്പാക്കുന്നതിനുമായി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ല പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഷോപ്പിങ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങി ആളുകള്‍ സമ്മേളിക്കുന്ന ഇടങ്ങളില്‍ പൊലീസ് പട്രോളിങ്ങും നിരീക്ഷണവും ശക്തമാക്കും. ആഘോഷങ്ങളോടനുബന്ധിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് സ്‌പിരിറ്റ് കടത്താനുള്ള സാധ്യത കണക്കിലെടുത്ത് വാഹനപരിശോധനയും കര്‍ശനമാക്കും.
ആഘോഷവേളകളില്‍ മയക്കുമരുന്ന് പോലുള്ള ലഹരി ഉത്‌പന്നങ്ങള്‍ ഉപയോഗിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അതിനെതിരെ ജാഗ്രത പുലര്‍ത്താനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി വ്യാപക പരിശോധനകളും സംസ്ഥാനത്തൊട്ടാകെ നടക്കുന്നുണ്ട്.
ഫുട്‌ബോള്‍ ലോകകപ്പിന്‍റെ ഫൈനല്‍ ആഘോഷത്തിനടക്കം സംസ്ഥാനത്ത് വ്യാപകമായ രീതിയിലായിരുന്നു അക്രമണങ്ങള്‍ നടന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം അക്രമണം നേരിടേണ്ടി വന്നിരുന്നു. ഇത്തരം അനിഷ്‌ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസുകാര്‍ പ്രത്യേകം സജ്ജരാണ്.