തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പോക്സോ നിയമം അനുസരിച്ച് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. വഞ്ചിയൂർ സ്വദേശിയായ പൊതുപ്രവർത്തകൻ പായ്‌ചിറ നവാസ് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസിനാണ് പരാതി നൽകിയത്. മോൺസൺ മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്സോ കേസിൽ കെ സുധാകരന്‍റെ അറിവോടെയാണ് പെൺകുട്ടിക്കെതിരെ പീഡനം നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
പോക്‌സോ കേസിനെ കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും എം വി ഗോവിന്ദൻ മനഃപൂർവ്വം മറച്ചുവച്ചു എന്ന് ആരോപിച്ചാണ് പരാതി. ഓഗസ്‌റ്റ് മൂന്നിന് രാവിലെയാണ് പരാതി കന്‍റോണ്‍മെന്‍റ് എസ്എച്ച്‌ഒക്ക് ഇയാൾ കൈമാറിയത്. എം വി ഗോവിന്ദന്‍റെ വാർത്താസമ്മേളനം നടന്ന കേസരി ഹാൾ വഞ്ചിയൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ആയതിനാൽ പരാതി വഞ്ചിയൂര്‍ എസ്എച്ച്ഒക്ക് കൈമാറിയിട്ടുണ്ട്.
അന്വേഷണത്തിന് ശേഷം നടപടി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ 2012 പോക്സോ ആക്‌ടിലെ വകുപ്പ് 21(എ) പ്രകാരം കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. 2012 പോക്സോ ആക്‌ടിലെ വകുപ്പ് 19(1) അല്ലെങ്കിൽ വകുപ്പ് 20 പ്രകാരമുള്ള ഏതെങ്കിലും കുറ്റം ഒരു വ്യക്തി ചെയ്‌തതായി വിവരം ലഭിച്ചാൽ പ്രസ്‌തുത വിവരം ലോക്കൽ പൊലീസ് അധികാരികളെയോ, സ്പെഷ്യൽ ജുവനയിൽ പൊലീസ് യൂണിറ്റിലോ, അല്ലെങ്കിൽ മറ്റ് അധികാര സ്ഥാപനങ്ങളിലോ നിർബന്ധമായും അറിയിക്കണം എന്നാണ് പോക്സോ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നതെന്നും പരാതിയിൽ സൂചനയുണ്ട്. സംഭവത്തിൽ പരാതി വ്യക്തമായി പഠിച്ചതിനുശേഷം നടപടികളിലേക്ക് കടക്കുമെന്ന് വഞ്ചിയൂർ എസ്എച്ച്ഒ ഗിരിലാൽ ഇടിവി ഭാരതിനോട് പറഞ്ഞു. പരാതിയുടെ നിയമസാധ്യത പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് വഞ്ചിയൂർ എസ്എച്ച്ഒ തന്നെ അറിയിച്ചതായി പരാതിക്കാരൻ പായ്ച്ചിറ നവാസും പ്രതികരിച്ചു.
മോൺസൺ മാവുങ്കൽ പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ടെന്ന് ജൂൺ 16 നായിരുന്നു എം വി ഗോവിന്ദന്‍ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് സുധാകരനെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരു പത്രത്തിലെ വാർത്ത ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്‌താവന.
പരാതിക്കാരന്‍റെ മൊഴിയെടുത്ത് പൊലീസ്: എം വി ഗോവിന്ദന്‍റെ പ്രസ്‌താവന കലാപാഹ്വാനമാണെന്ന് ആരോപിച്ച് പായ്‌ചിറ നവാസ് നേരത്തെ ക്രൈംബ്രാഞ്ചിന് പരാതി നൽകിയിരുന്നു. അതേസമയം എം വി ഗോവിന്ദന്‍റെ പ്രസ്‌താവന കലാപാഹ്വാനമല്ലെന്ന് ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് റിപ്പോർട്ട് സമര്‍പ്പിക്കുകയായിരുന്നു. സംഭവത്തിൽ പരാതിക്കാരൻ നവാസിന്‍റെ മൊഴിയുൾപ്പെടെ ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു. എറണാകുളം ക്രൈംബ്രാഞ്ച് എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്.
ഇക്കഴിഞ്ഞ ജൂണ്‍ 23നായിരുന്നു മോന്‍സണ്‍ മാവുങ്കൽ പുരാവസ്‌തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഏഴ് മണിക്കൂർ ചോദ്യം ചെയ്യലിനൊടുവിലായിരുന്നു ക്രൈംബ്രാഞ്ച് നടപടി. ഹൈക്കോടതി ഈ കേസിൽ രണ്ടാഴ്‌ചത്തെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ കെ.സുധാകരനെ ജാമ്യം നൽകി വിട്ടയച്ചിരുന്നു. അമ്പതിനായിരം രൂപയുടെ ബോണ്ടും, രണ്ട് ആൾ ജാമ്യത്തിലുമായിരുന്നു ഇത് അനുവദിച്ചത്.