തിരുവനന്തപുരം: ഈ വർഷത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. വൈകിട്ട് 3.00 മണിക്ക് സെക്രട്ടേറിയറ്റ് പിആർഡി ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പ്രഖ്യാപനം നടത്തും. ഫലപ്രഖ്യാപനം കഴിഞ്ഞ് നാലുമണിക്ക് വിവിധ വെബ്സൈറ്റുകളിൽ റിസൾട്ട് ലഭ്യമാകും.
https://www.result.kite.kerala.gov.in/, https://keralaresults.nic.in/, https://play.google.com/store/apps/details?id=in.nic.kerala.dhsece, https://www.result.kite.kerala.gov.in/hse/index.html, https://www.result.kite.kerala.gov.in/vhse/index.html തുടങ്ങിയവയാണ് ഫലം ലഭ്യമാകുന്ന ലിങ്കുകൾ, സ്‌കൂൾതല ഫലം വിശകലനം ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ, ഓഫ്‌ലൈൻ റിസൾട്ട് അനലൈസർ സോഫ്റ്റ്‌വെയർ എന്നിവ.
ഈ കഴിഞ്ഞ മാർച്ച് 10 മുതൽ മാർച്ച് 30 വരെയായിരുന്നു ഹയർസെക്കൻഡറി പരീക്ഷകൾ നടന്നിരുന്നത്. 2023 കേന്ദ്രങ്ങളിലായി 442067 വിദ്യാർത്ഥികളാണ് രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. എസ്എസ്എൽസി പരീക്ഷ മൂല്യനിർണയത്തോടൊപ്പം തന്നെ ഹയർ സെക്കൻഡറി പരീക്ഷ മൂല്യനിർണയവും നടന്നിരുന്നു. എന്നാൽ എസ്എസ്എൽസി മൂല്യനിർണയ ക്യാമ്പിലേത് പോലെ ഹയർസെക്കൻഡറി മൂല്യനിർണയ ക്യാമ്പിലും ഡ്യൂട്ടി ലഭിച്ച ചില അധ്യാപകർ പങ്കെടുത്തിരുന്നില്ല. ഇത്തരത്തിൽ അലംഭാവം കാണിച്ച 1371 അധ്യാപകർക്ക് വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചവരിൽ കഴിഞ്ഞവർഷം കൊവിഡ് പോസിറ്റീവായി മരിച്ച അധ്യാപികയും ഉൾപ്പെട്ടു. കൂടാതെ സർവീസിൽ നിന്നും തസ്‌തിക നഷ്‌ടത്തിന്‍റെ പേരിൽ മാർച്ച് മാസത്തിൽ പിരിച്ചുവിട്ട ജൂനിയർ ഇംഗ്ലീഷ് അധ്യാപകർക്കും കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിരുന്നു. ഈ സംഭവത്തിൽ മന്ത്രി വി ശിവൻകുട്ടി വകുപ്പ് മേധാവികളോടെ വിശദീകരണം തേടി. ഹയർസെക്കൻഡറി പരീക്ഷ സെക്രട്ടറി എസ് എസ് വിവേകാനന്ദൻ ജോയിന്‍റ് ഡയറക്‌ടർ ആർ സുരേഷ് കുമാർ എന്നിവരെ നേരിട്ടു വിളിച്ചാണ് വിശദീകരണം ചോദിച്ചത്.
മൂല്യനിർണയത്തിൽ പങ്കെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കിയതിൽ പിഴവ് സംഭവിച്ചെന്ന് വ്യക്തമായെന്നും വളരെ ഗൗരവത്തോടെ ഇത് കാണുന്നെന്നും മന്ത്രി വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കഴിഞ്ഞവർഷം ഓഗസ്‌റ്റിൽ കൊവിഡ് ബാധിച്ചു മരിച്ച കാസർഗോഡ് പരവനടക്കും ഗവൺമെന്‍റ് എച്ച് എസ് എസ് ഹിന്ദി അധ്യാപിക വി വി രഞ്ജിനി കുമാരിയുടെ പേരാണ് കാരണം കാണിക്കൽ നോട്ടീസിൽ ഉൾപ്പെട്ട മറ്റൊരു പേര്.
മൂല്യനിർണയ ക്യാമ്പുകളുടെ ചുമതല വഹിച്ചവർ നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു ഹാജരാകാത്തവരുടെ പട്ടിക പരീക്ഷ വിഭാഗം തയ്യാറാക്കുന്നത്.
അതേസമയം പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് യാതൊരു ആശങ്കയും വേണ്ടെന്നും മുൻ വർഷങ്ങളിലേതു പോലെ നടപടികൾ പൂർത്തിയാകുമ്പോൾ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നു എന്ന് വ്യക്തമാകുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്രവേശന പ്രോസ്പെക്‌ട് തയ്യാറാക്കുന്നതിന് മുൻപ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ ഉദ്ദേശം നല്ലതല്ല എന്നും കേരള സംസ്ഥാനത്തെ തെക്കും വടക്കും എന്നൊക്കെ പറഞ്ഞ് വിലയിരുത്തുന്നത് തീർത്തും അനാരോഗ്യമായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: വീല്‍ചെയറില്‍ നിന്ന് ഐഎഎസ് കസേരയിലേക്ക് ; ആശുപത്രി കിടക്കയില്‍ ഷെറിനെ തേടിയെത്തിയത് സ്വപ്‌ന മധുരം