തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്‍റിന്‍റെ സമയപരിധി നീട്ടിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നാളെ (01.08.2022) വൈകിട്ട് 5 മണി വരെയാണ് സമയം നീട്ടിയത്. ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ച പോർട്ടലിലെ സാങ്കേതിക തകരാർ മൂലം പ്ലസ് വൺ അപേക്ഷയിൽ തിരുത്തലോ കൂട്ടിച്ചേർക്കലോ നടത്താൻ ഭൂരിഭാഗം വിദ്യാർഥികൾക്കും കഴിഞ്ഞിരുന്നില്ല.
ഈ സാഹചര്യത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ചാണ് മന്ത്രിയുടെ ഇടപെടൽ. അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 4 സെർവറുകളിൽ ഒരേ സമയം ഒരു ലക്ഷത്തിൽ കൂടുതൽ പേർ കയറിയതാണ് പ്രശ്‌നത്തിന് കാരണമെന്നും ഇത് പരിഹരിക്കാൻ ഡാറ്റ സെന്‍റർ, ഐടി മിഷൻ, എൻഐസി എന്നിവർ കൂടുതൽ സെർവറുകൾ ഒരുക്കിയതായും മന്ത്രി അറിയിച്ചിരുന്നു.
അതേസമയം പ്ലസ് വൺ പ്രവേശനത്തിന് 10% കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ പൊതു മെറിറ്റിലേക്ക് മാറ്റാൻ ഉള്ള ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും. പൊതു മെറിറ്റ് ആയി കണക്കാക്കിയ ട്രയൽ അലോട്ട്മെന്‍റ് നടത്തിയ 6000ത്തോളം സീറ്റുകൾ ആണ് മാറ്റുന്നത്. ഇത്രയും സീറ്റിൽ ട്രയൽ ഘട്ടത്തിൽ വന്ന കുട്ടികൾ ഒന്നാം അലോട്ട്മെന്‍റിൽ പുറത്താകുമോ എന്നും ആശങ്കയുണ്ട്.
ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ച ശേഷം അപ്പീൽ പോകാൻ തീരുമാനിച്ചതാണ് പ്രശ്‌നമായത്. ഓപ്പൺ മെറിറ്റ് ആയി കണക്കാക്കി ട്രയൽ അലോട്ട്മെന്‍റ് നടത്തിയ സീറ്റുകൾ ആണ് മാറ്റിവെക്കുന്നത്.