തിരുവനന്തപുരം: പ്ലസ് വണ്‍ സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് തുടങ്ങി. നവംബർ 1,2,3 ദിവസങ്ങളിലായി പ്രവേശന നടപടികള്‍ നടക്കും. 94,390 അപേക്ഷകളാണ് സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിനായി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ 25നാണ് സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിന് അപേക്ഷ ക്ഷണിച്ചത്.
മന്ത്രിസഭ തീരുമാനപ്രകാരം വര്‍ധിപ്പിക്കുന്ന പ്ലസ് വണ്‍ സീറ്റുകളിലേക്കുള്ള കോമ്പിനേഷന്‍ മാറ്റത്തിന് 5, 6 തീയതികളില്‍ അപേക്ഷിക്കാം. നവംബര്‍ 9നാണ് ട്രാന്‍സ്‌ഫര്‍ അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിക്കുക. 10ാം തീയതിക്കുള്ളില്‍ ട്രാന്‍സ്‌ഫര്‍ അലോട്ട്‌മെന്‍റ് പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
രണ്ടാം ഘട്ട അലോട്‌മെന്‍റിനു ശേഷം എല്ലാ വിഭാഗങ്ങളിലുമായി 87,527 സീറ്റുകളാണ് ബാക്കിയുള്ളത്. പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതോടെ പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ സീറ്റുകള്‍ കുറവുള്ളയിടത്ത് 10% സീറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ 20 ശതമാനം സീറ്റ് വര്‍ധനവ് ഏര്‍പ്പെടുത്തിയ 7 ജില്ലകളില്‍ സീറ്റിന്‍റെ ആവശ്യകത അനുസരിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ 10 ശതമാനം സീറ്റും വര്‍ധിപ്പിച്ചു. ഈ ജില്ലകളില്‍ അടിസ്ഥാന സൗകര്യമുള്ളതും സീറ്റ് വര്‍ധനവിന് അപേക്ഷ സമര്‍പ്പിക്കുന്നതുമായ എയ്‌ഡഡ് സ്‌കൂളുകള്‍ക്കും അണ്‍ എയ്‌ഡഡ് സ്‌കൂളുകള്‍ക്കും 10 ശതമാനം സീറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്.
നേരത്തെ മാര്‍ജിനല്‍ സീറ്റ് വര്‍ധന നല്‍കാത്ത ഏഴ് ജില്ലകളില്‍ ആവശ്യകത അനുസരിച്ച് എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും 20 ശതമാനം സീറ്റു വര്‍ധന അനുവദിച്ചു. ഈ ജില്ലകളില്‍ അപേക്ഷ സമര്‍പ്പിക്കുന്നതും അടിസ്ഥാന സൗകര്യങ്ങളുള്ളതുമായ എയിഡഡ്, അണ്‍ എയിഡഡ് സ്‌കൂളുകള്‍ക്കും നിയന്ത്രണ വിധേയമായി മാര്‍ജിനല്‍ വര്‍ധനവിന്‍റെ 20 ശതമാനം വരെ സീറ്റുകളും അനുവദിച്ചിട്ടുണ്ട്.
സീറ്റ് കൂട്ടിയിട്ടും പ്രശ്‌നം തീര്‍ന്നില്ലെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ താല്‍കാലിക ബാച്ച് അനുവദിക്കാനും ഉത്തരവായി. നവംബര്‍ 15നാണ് സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. നവംബര്‍ 24ന് മുമ്പ് എല്ലാ പ്രവേശന നടപടികളും പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമം.
Also Read: ചരിത്രം കുറിക്കാൻ നരേന്ദ്ര മോദി; മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കും