തിരുവനന്തപുരം : സംസ്ഥാനത്ത് ഈ വർഷത്തെ ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾക്ക് തുടക്കം. 3.16 ലക്ഷം വിദ്യാർഥികൾ ഇന്ന് ക്ലാസുകളിൽ പ്രവേശിച്ചപ്പോള്‍ അപേക്ഷകരിൽ 33598 പേര്‍ ഇപ്പോഴും പുറത്താണ്. പ്ലസ് വൺ പ്രവേശനം ലഭിച്ച വിദ്യാർഥികളെ സ്വീകരിക്കാൻ മന്ത്രി വി ശിവൻ കുട്ടി തിരുവനന്തപുരം മണക്കാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ എത്തി.
ജൂലൈ മാസം അഞ്ചാം തീയതി ക്ലാസുകൾ ആരംഭിച്ചത് റെക്കോർഡാണെന്നും സപ്ലിമെൻന്‍ററി അലോട്ട്മെന്‍റിന് ഒപ്പം തന്നെ താലൂക്ക് തലത്തില്‍ പട്ടിക തയ്യാറാക്കി മുഴുവൻ പേർക്കും തുടർപഠനം ഉറപ്പാക്കുമെന്നും ഇതിലൂടെ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മെറിറ്റ് സീറ്റ് 2,63,688, സ്പോര്‍ട്‌സ് ക്വാട്ട 3,574, കമ്മ്യൂണിറ്റി ക്വാട്ട 18,901, മാനേജ്മെന്‍റ് ക്വാട്ട 18,735, അണ്‍ എയ്‌ഡഡ് 11,309 എന്നിങ്ങനെയാണ് പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ എണ്ണം. മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ചതിൽ 565 പേരുടെ പ്രവേശന വിവരം ഇനിയും ലഭിക്കാനുണ്ട്.
പ്രവേശനത്തിന് തടസമായി കനത്ത മഴ : ആകെ 3,16,772 പേർക്കാണ് പ്രവേശനം ലഭിച്ചത്. വൊക്കേഷണൽ ഹയർസെക്കന്‍ഡറിയില്‍ 22,145 പേർ പ്രവേശനം നേടി. മഴക്കെടുതി മൂലം ജില്ല കലക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ച ജില്ലകളിൽ ഒന്നാം വർഷ പ്ലസ് വൺ വിദ്യാർഥികള്‍ സ്വാഭാവികമായും എത്തിയിട്ടില്ല.
സംസ്ഥാനത്ത് മഴ ശക്തമാവുകയും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുകയും ചെയ്‌ത സാഹചര്യത്തില്‍ ഇന്ന് ആറ് ജില്ലകളിൽ ജില്ല കലക്‌ടര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. കണ്ണൂർ, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾക്ക് ഉൾപ്പടെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കാസർകോട് ജില്ലയിൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പത്തനംതിട്ട ജില്ലയിൽ ക്യാംപുകൾ തുറന്ന സ്‌കൂളുകൾക്കും ഇന്ന് അവധിയാണ്. ഇവിടങ്ങളിൽ അടുത്ത ദിവസങ്ങളിലായിരിക്കും പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക.
സി ബി എസ് ഇ, ഐ സി എസ് ഇ വിഭാഗങ്ങളില്‍ ഏകജാലകമായി സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചവരിൽ 60 ശതമാനം പേർക്കും മുഖ്യ ഘട്ടത്തിലെ അലോട്ട്മെന്‍റില്‍ പ്രവേശനം ലഭിച്ചിട്ടില്ല. കേന്ദ്ര സിലബസ് പിന്തുടരുന്ന സ്‌കൂളുകളിൽ ഏപ്രിൽ മാസം തന്നെ പ്ലസ് വൺ ക്ലാസുകൾ തുടങ്ങിയതിനാൽ അലോട്ട്‌മെന്‍റ് ലഭിച്ചവരിൽ പലരും പ്രവേശനം നേടിയിട്ടില്ല.
സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഒഴിവുകളിലേക്കുള്ള അപേക്ഷ : സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഒഴിവുകള്‍ക്ക് ജൂലൈ എട്ട് മുതൽ 12 വരെ അപേക്ഷ സമര്‍പ്പിക്കാം. സപ്ലിമെന്‍ററി അലോട്ട്മെന്‍റായി സ്‌കൂളുകളിൽ മിച്ചമുള്ള സീറ്റുകളുടെ വിശദാംശം ഹയർ സെക്കൻഡറി വകുപ്പിന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇതുവരെ അലോട്ട്മെന്‍റ് ലഭിക്കാത്തവർ അത് പരിശോധിച്ച് സീറ്റ് ഒഴിവുള്ള സ്‌കൂളുകൾ കണ്ടെത്തി പുതിയ ഒപ്ഷനുകൾ ചേർത്ത് അപേക്ഷ പുതുക്കി നൽകണം.
ഇതുവരെ അപേക്ഷിക്കാത്തവർക്കും പുതുതായി അപേക്ഷ നൽകാനും ഇതിലൂടെ അവസരമുണ്ട്. പിന്നാക്ക ന്യൂനപക്ഷ മാനേജ്മെന്‍റുകളുടെ സ്‌കൂളുകളിൽ കമ്മ്യൂണിറ്റി കോട്ടയുടെ സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം ബുധനാഴ്‌ച മുതൽ വെള്ളിയാഴ്‌ച വരെയാണ്. അതിനുശേഷം കമ്മ്യൂണിറ്റി മെറിറ്റിൽ മിച്ചമുള്ള സീറ്റുകൾ ഉണ്ടെങ്കിൽ അത് പൊതുമേഖലയിലേക്ക് മാറും. സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി ഈ സീറ്റുകളും പരിഗണിക്കും.