തിരുവനന്തപുരം: ആൻ്റണി രാജുവിനെ പിന്തുണച്ച് മുഖ്യമന്ത്രി. കെ.എസ്.ആർ.ടി.സിക്ക് എന്നും ശമ്പളം നൽകാൻ സർക്കാരിന് കഴിയില്ല. കെ.എസ്.ആർ.ടി.സി ശമ്പള വിഷയത്തിലാണ് ഗതാഗത മന്ത്രി ആന്‍റണി രാജുവിനെ പിണറായി വിജയന്‍ പിന്തുണച്ചത്.
'യാഥാർഥ്യം മനസിലാക്കണം': പൊതുമേഖല സ്ഥാപനം ശക്തിപ്പെടുത്തണമെന്നതാണ് സർക്കാർ നിലപാട് എന്ന് വച്ച് എന്നും സർക്കാരിന് ശമ്പളം നൽകാൻ കഴിയില്ല. നികുതി പണം എല്ലാകാലത്തും നൽകാൻ കഴിയില്ല. കെ.എസ്.ആർ.ടി.സിയെ സർക്കാർ ഒരിക്കലും കൈവിടില്ല. സർക്കാർ സഹായിക്കുക തന്നെ ചെയ്യും.
കോർപ്പറേഷൻ്റെ പ്രവര്‍ത്തനത്തില്‍, യാഥാർഥ്യം മനസിലാക്കിയുള്ള നടപടിയാണ് വേണ്ടത്. അതിന് ആവശ്യമായ പഠനം നടന്നിട്ടുണ്ട്. അത് പൂർണമായും നടപ്പാക്കണം. ഇത്തരം നടപടികൾക്ക് ട്രേഡ് യൂണിയനുകൾ തടസമല്ല. അവർ അഭിപ്രായം പറയും. അത് കൂടി പരിഗണിച്ചാണ് നടപടികൾ നടത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിമര്‍ശിച്ച് ആനത്തലവട്ടം ആനന്ദന്‍: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്‌താവന. ഇതിനെതിരെ സി.ഐ.ടി.യു രംഗത്തെത്തിയിരുന്നു. തൊഴിലാളികളില്‍ പ്രസ്‌താവന പ്രതിഷേധത്തിന് കാരണമായെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍ വിമര്‍ശിച്ചിരുന്നു.
ALSO READ| കെ.എസ്.ആർ.ടി സി പ്രതിസന്ധി: ഗതാഗതമന്ത്രിക്കെതിരെ സി.ഐ.ടി.യു
പൊതുമേഖലയെ സംരക്ഷിക്കാനുള്ള ഉത്തവാദിത്വം സര്‍ക്കാരിനുണ്ട്. സര്‍ക്കാരിന്‍റെ സഹായം തേടുന്നത് മോശമല്ല. കെ.എസ്.ആര്‍.ടി.സി ശമ്പളപ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സി.ഐ.ടിയു ചീഫ് ഓഫിസിന് മുന്‍പില്‍ ധര്‍ണ നടത്തി. ശമ്പളം കൃത്യമായി വിതരണം ചെയ്‌തില്ലെങ്കില്‍ അടുത്ത മാസം ആറാം തിയതി മുതല്‍ അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കുമെന്നും സി.ഐ.ടി.യു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സി.ഐ.ടി.യുവിന്‍റെ നിലപാടിനെ വെട്ടിലാക്കിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ പ്രസ്‌താവന.