തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതര്‍ക്കായി സമരം നടത്തുന്ന ദയാബായിയെ ആരോ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമരത്തോട് സർക്കാറിന് അനുഭാവപൂർവമായ നിലപാടാണുള്ളത്. സര്‍ക്കാര്‍ എന്നും ഇരകള്‍ക്കൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമര സമിതി ഉന്നയിച്ച നാല് ആവശ്യങ്ങളിൽ എയിംസ് ഒഴികെ എല്ലാം സർക്കാർ അംഗീകരിച്ചു. ഇതിൽ ഒരു അവ്യക്തതയും ഉണ്ടായിട്ടില്ല. ഈ ഉറപ്പുകൾ സർക്കാർ പാലിക്കുക തന്നെ ചെയ്യും. കാര്യങ്ങൾ മനസിലാക്കി ദയാബായി സമരത്തിൽ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ 7 ആവശ്യങ്ങളിൽ 6 എണ്ണവും സർക്കാർ അംഗീകരിച്ചിട്ടുണ്ട്. തുറമുഖം നിർമാണം നിർത്തിവയ്ക്കൽ മാത്രം അംഗീകരിക്കാൻ കഴിയില്ല. സമരം തീർന്നെന്ന നില വന്ന ശേഷം പിൻമാറുകയാണ് ഇപ്പോൾ നടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.