തിരുവനന്തപുരം : വ്യവസായങ്ങളോടും നിക്ഷേപകരോടും ശത്രുതാ മനോഭാവം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും വ്യവസായികളെ ചൂഷണം ചെയ്യുന്ന തരം അതിമോഹമുള്ള ഉദ്യോഗസ്ഥർ ജയിലിൽ പോകേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ പ്രഖ്യാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിനുള്ള നടപടികൾ അതിവേഗത്തിൽ സർക്കാർ പൂർത്തിയാക്കുകയാണെന്നും മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു. നിയമങ്ങളിലും ചട്ടങ്ങളിലും ഇതിന് ആവശ്യമായ ഭേദഗതി വരുത്തിയിട്ടുണ്ട്. കേരളത്തിൽ വ്യവസായം തുടങ്ങുന്നതിന് യാതൊരു തടസവുമുണ്ടാകില്ലെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ അനുമതികളും ദിവസങ്ങൾക്കകം തന്നെ ലഭ്യമാകും.
ചെറുകിട വ്യവസായങ്ങൾ ആരംഭിക്കുന്നതിന് പ്രത്യേക അനുമതിയുടെ ആവശ്യമില്ല. മൂന്ന് വർഷം കൊണ്ട് ആവശ്യമായ ലൈസൻസ് സമ്പാദിച്ചാൽ മതി. വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുണ്ടാവേണ്ട വേഗത ആർജിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കഴിയണം. വ്യവസായികൾ നാടിന് വലിയ തോതിൽ സേവനം ചെയ്യുന്നവരാണ്. അവരെ സമീപിക്കേണ്ടതും ആ രീതിയിൽത്തന്നെയാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് നിലവിൽ വന്നതോടെ 30,000ത്തോളം ഉദ്യോഗസ്ഥർ ഒറ്റ വകുപ്പിന്‍റെ ഭാഗമായി മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഏകീകൃത വകുപ്പിനായുള്ള സ്റ്റേറ്റ് സർവീസ് സ്‌പെഷ്യൽ റൂൾസും സബോർഡിനേറ്റ് സർവീസ് റൂൾസും രൂപപ്പെടുത്തുന്നത് അവസാന ഘട്ടത്തിലാണ്.
വകുപ്പിന്‍റെ സംഘടന രൂപം തയാറായിക്കഴിഞ്ഞു. ഉദ്യോഗസ്ഥ വിന്യാസം കൃത്യനിർവഹണം കാര്യക്ഷമമാക്കുന്ന തരത്തിലാകും. മൂന്ന് തട്ടിൽത്തന്നെ തീരുമാനമെടുക്കാൻ കഴിയുന്ന സംവിധാനവും വകുപ്പിൽ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.