തിരുവനന്തപുരം : സമാധാനപരമായി ജീവിക്കാന്‍ കൊള്ളാവുന്ന ഇടമായി കേരളത്തെ മാറ്റിയെടുക്കാന്‍ കഴിഞ്ഞത് ആഭ്യന്തരവകുപ്പിന്‍റെ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധാനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്ക് നിയമസഭയില്‍ മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്‍റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞത്. ജനക്കൂട്ടങ്ങള്‍ക്ക് നേര്‍ക്ക് പൊലീസ് വെടിവയ്പ്പില്ലാത്ത, ലോക്കപ്പ് കൊലപാതകങ്ങളില്ലാത്ത, വര്‍ഗീയ കലാപങ്ങളില്ലാത്ത, സ്വൈര്യജീവിതം കലുഷമാക്കാന്‍ ഗുണ്ടാസംഘങ്ങളെ അനുവദിക്കാത്ത നാടായി കേരളം മാറിയിട്ടുണ്ട്.
ഇന്ന് രാജ്യത്തിന്‍റെ പൊതുസ്ഥിതിവച്ച് നോക്കിയാല്‍ സമാധാനത്തിന്‍റെയും, ശാന്തിയുടെയും തുരുത്താണ് കേരളം. ഇതില്‍ പൊലീസിന്‍റെ പ്രവര്‍ത്തനം ഏറെ ഗുണകരമായിട്ടുണ്ട്. കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും രാജ്യത്തെ ഏറ്റവും മികച്ച സേനകളില്‍ ഒന്നാണ് പൊലീസ്. സാങ്കേതിക വിദ്യകളില്‍ കഴിവും യോഗ്യതയുമുള്ള വനിതകള്‍ ഉള്‍പ്പടെയുള്ള സേനാംഗങ്ങള്‍ സമൂഹത്തിലെ വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ തട്ടിപ്പുകളെയടക്കം തടയാനുള്ള പ്രവര്‍ത്തനം നടത്തുന്നുണ്ട്. പൊലീസിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങൾ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഡാര്‍ക്ക് വെബിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങളായ ലൈംഗിക വ്യാപാരം, മയക്കുമരുന്ന് കച്ചവടം, ആയുധ വ്യാപാരം, സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവ കണ്ടെത്തുവാനും അവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്താനും നിതാന്ത ജാഗ്രതയോടെ കേരള പൊലീസിന്‍റെ സൈബര്‍ വിഭാഗം നിലകൊള്ളുന്നുണ്ട്.
സ്‌ത്രീ സുരക്ഷ : വനിതാസുരക്ഷയ്ക്ക് അതീവ പ്രാധാന്യം പൊലീസ് നല്‍കുന്നുണ്ട്. വനിത പൊലീസ് സ്റ്റേഷന്‍, വനിത സെല്‍, വനിത ബറ്റാലിന്‍, അപരാജിത, പിങ്ക് പൊലീസ്, നിഴല്‍, വനിത സ്വയം പ്രതിരോധ സംഘം, വനിത ബീറ്റ് എന്നിവയെല്ലാം സ്ത്രീസുരക്ഷ മുന്‍നിര്‍ത്തി നടപ്പിലാക്കിയ പദ്ധതികളാണ്. സ്ത്രീധനവുമായി ബന്ധപ്പെട്ട ഉപദ്രവങ്ങള്‍, സൈബര്‍ ലോകത്തെ അതിക്രമങ്ങള്‍, പൊതു ഇടങ്ങളിലെ അവഹേളനങ്ങള്‍ തുടങ്ങി സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി രൂപം നല്‍കിയ പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്‌ട് നിലവില്‍ വന്നിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും സൈബര്‍ ലോകത്തും സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പുത്തൻ പദ്ധതികൾ: സംസ്ഥാന പ്ലാനില്‍ ഉള്‍പ്പെടുത്തി പൊലീസിന്‍റെ ആധുനികവത്‌കരണത്തിനായി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. 46 പൊലീസ് സ്റ്റേഷനുകള്‍ സംസ്ഥാനത്ത് വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അവ സ്വന്തം കെട്ടിടങ്ങളിലേക്ക് മാറ്റും. 27 പൊലീസ് സ്റ്റേഷനുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഭരണാനുമതി നല്‍കുകയും തുക അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്.
ഇതിനുപുറമെ 2 സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും 2 വനിത പൊലീസ് സ്റ്റേഷനുകള്‍ക്കും പ്രത്യേകമായി കെട്ടിടം നിര്‍മ്മിക്കുന്നതിനും ഭരണാനുമതി നല്‍കി. ആലപ്പുഴ, എറണാകുളം റൂറല്‍, മലപ്പുറം, കണ്ണൂര്‍ റൂറല്‍ എന്നീ ജില്ലകള്‍ക്ക് ജില്ല പൊലീസ് ഓഫിസ് കെട്ടിടം നിര്‍മ്മിക്കും. കൊല്ലം സിറ്റി, ഇടുക്കി, പത്തനംതിട്ട, തൃശ്ശൂര്‍ സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ പുതിയ ജില്ല കണ്‍ട്രോള്‍ റൂമുകള്‍ നിര്‍മ്മിക്കുന്നതിനായി ഭരണാനുമതിയും തുകയും അനുവദിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്ത് സൈബര്‍ സെക്യൂരിറ്റി സെന്‍റര്‍ സ്ഥാപിക്കും. സൈബര്‍ ഡോമുകളെ ശക്തിപ്പെടുത്തുന്നതിനായി പുതിയ ഓപ്പറേഷന്‍ ടൂളുകളും സോഫ്‌റ്റ്‌വെയറുകളും വാങ്ങും. തിരുവനന്തപുരം റൂറല്‍, കൊല്ലം റൂറല്‍, എറണാകുളം റൂറല്‍, തൃശ്ശൂര്‍ റൂറല്‍ എന്നിവിടങ്ങളില്‍ പുതിയ ജില്ല പരിശീലന കേന്ദ്രങ്ങള്‍ ഒരുക്കും.
സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകളും എല്ലാ ജില്ല പൊലീസ് ഓഫിസുകളിലും പൊലീസ് ആസ്ഥാനത്തും സിസിടിവി ക്യാമറ മോണിറ്ററിങ് സിസ്റ്റവും സ്ഥാപിക്കുവാനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണെന്നും നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.