തിരുവനന്തപുരം: മുഖ്യമന്ത്രി രാജ്‌ഭവനിലെത്തി നിരവധി ആനൂകുല്യങ്ങള്‍ നേടിയെന്ന ഗവര്‍ണറുടെ വിമര്‍ശനത്തിന് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി. ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ അറിയാത്തതുകൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരുടേയും ഒരു ആനുകൂല്യവും താന്‍ പ്രതീക്ഷിക്കുന്നില്ല എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി ഗവര്‍ണറെ കാണുന്നതില്‍ ഒരു തെറ്റുമില്ല. കണ്ണൂര്‍ വിസി നിയമനത്തിലടക്കം ഒരു തരത്തിലുള്ള നിയമവിരുദ്ധമായ ഇടപെടലും സര്‍ക്കാര്‍ നടത്തിയിട്ടില്ല. വിസിക്ക് പുനര്‍ നിയമനം നിയമം അനുവദിക്കുന്നതാണ്. ഇതിന് ഗവര്‍ണര്‍ അംഗീകാരം നല്‍കുകയാണ് ചെയ്‌തത്.
ഹൈക്കോടതിയടക്കം എല്ലാം പരിശോധിച്ച് നിയമനം ശരിവച്ചിട്ടുണ്ട്. ഗവര്‍ണറെ മുഖ്യമന്ത്രി കണ്ടതിനെ തെറ്റായി അവതരിപ്പിക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ഗവര്‍ണര്‍ ഇത് സംബന്ധിച്ച് പറയുന്നതില്‍ ഒരു കഴമ്പുമില്ല. കൂടിക്കാഴ്‌ചയുടെ എല്ലാ വിവരങ്ങളും വെളിപ്പെടുത്തുന്നത് മാന്യമായ രീതിയല്ല. ആ നിലയിലേക്ക് ഇപ്പോള്‍ പോകുന്നില്ല.
ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്നയാളെ വ്യക്തിപരമായി ഇകഴ്‌ത്തി കാണിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകള്‍ വായിക്കാതെയാണ് ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞത്. വായിച്ചപ്പോള്‍ ബില്ലുകളില്‍ ചില സംശയം തോന്നാം.
അത്തരം സംശയങ്ങള്‍ക്ക് സര്‍ക്കാര്‍ വിശദീകരണം നല്‍കും. അതില്‍ തെറ്റില്ല. ഒപ്പിടാത്ത ബില്ലുകളുടെ കാര്യത്തില്‍ നിയമപരമായ കാര്യങ്ങള്‍ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വകലാശാലകളില്‍ പിന്‍സീറ്റ് ഡ്രൈവിങ്ങിന് ഗവര്‍ണറെ ഉപയോഗിച്ച് ആര്‍എസ്‌എസ് ശ്രമിക്കുകയാണ്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചു: ഗവര്‍ണര്‍ പദവിയിലിരിക്കുന്നയാള്‍ ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവതിനെ സന്ദര്‍ശിക്കുന്നത് കീഴ്‌വഴക്കങ്ങള്‍ ലംഘിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാനെന്ന വ്യക്തി ആര്‍എസ്‌എസ് മേധാവിയെ സന്ദര്‍ശിക്കുന്നതില്‍ ഒരു തെറ്റുമില്ല. എന്നാല്‍ ഒരു ഭരണഘടന പദവിയിലിരുന്ന് സ്വകാര്യ വസതിയില്‍ പോയി ഇത്തരമൊരു കൂടിക്കാഴ്‌ച നടത്തുന്നത് ശരിയായ കാര്യമല്ല.
ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ശരിയായ കാര്യമല്ല. അത് തീര്‍ത്തും അനുചിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളിലേക്ക് ഇറങ്ങുന്നുവെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. അത് വരുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു.
ആരിഫ് മുഹമ്മദ് ഖാന്‍ മത്സരിച്ചാല്‍ ബിജെപിക്ക് നല്ലൊരു സ്ഥാനാര്‍ഥിയെ ലഭിക്കുമെന്നും മുഖ്യമന്ത്രി പരിഹസിച്ചു. സംസ്ഥാന സര്‍ക്കാറിനെതിരെ കേന്ദ്രസര്‍ക്കാറില്‍ പറയുമെന്ന് ഗവര്‍ണര്‍ പറയുന്നത് എന്ത് കാര്യത്തിലാണെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാറുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന് കരുതി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് ഗവര്‍ണര്‍ക്ക് പറയാന്‍ കഴിയില്ല.
ഓണാഘോഷത്തിന് പ്രത്യേക ചടങ്ങുകളില്ല. അതിന് ആരെയും ക്ഷണിക്കേണ്ട കാര്യമില്ല. ഘോഷയാത്ര ആസ്വദിക്കുകയാണ് ചെയ്യുന്നത്. ഗവര്‍ണറോട് അനാദരവ് കാണിക്കുന്ന സമീപനമല്ല സംസ്ഥാന സര്‍ക്കാറിനുളളത്. അഭിപ്രായ വ്യത്യാസങ്ങളെ നിയതമായ രീതികളില്‍ അവതരിപ്പിക്കുകയാണ് ചെയ്യുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരിഫ് മുഹമ്മദ് ഖാന്‍റെ ആര്‍എസ്എസ് ബന്ധത്തില്‍ മുഖ്യമന്ത്രി: 1986 മുതല്‍ ആര്‍.എസ്.എസ് ബന്ധമുണ്ടെന്ന് ഊറ്റം കൊള്ളുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 1989-90ല്‍ അദ്ദേഹം മന്ത്രിയായിരുന്ന വി.പി.സിങ് മന്ത്രിസഭയെ വലിച്ചു താഴെയിട്ടത് ആര്‍.എസ്.എസ് ആണെന്ന് ഓര്‍മയുണ്ടോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1990ല്‍ അദ്ദേഹം അംഗമായ വി.പി.സിങ് സര്‍ക്കാരിനെ മണ്ഡല്‍ കമ്മിഷന്‍റെ പേരില്‍ വലിച്ചു താഴെയിട്ടത് കോണ്‍ഗ്രസും ആര്‍.എസ്.എസും ചേര്‍ന്നാണ്.
താന്‍ മന്ത്രിയായിരിക്കുന്ന സര്‍ക്കാരിനെ വലിച്ചു താഴെയിട്ട ആര്‍.എസ്.എസുമായി ആ സമയത്തു തന്നെ അടുത്ത ബന്ധം പുലര്‍ത്തിയ വ്യക്തിയാണ് താന്‍ എന്നല്ലേ ഇതിനര്‍ത്ഥം. ആര്‍.എസ്.എസിനോട് കേരളത്തിലെ ഇടതു പക്ഷത്തിനും പൊതു സമൂഹത്തിനും കൃത്യമായ നിലപാടുണ്ട്.
ഗാന്ധിജി വധിക്കപ്പെട്ടപ്പോള്‍ നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍.എസ്.എസ്. കേരളത്തിലെ രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ വേവലാതി കൊള്ളുന്ന ഗവര്‍ണര്‍ എക്കാലത്തും കേരളത്തിന്‍റെ രാഷ്‌ട്രീയ കൊലപാതകങ്ങളിലും സംഘട്ടനങ്ങളിലും ഒരു വശത്ത് മാറ്റമില്ലാതെ നിലകൊണ്ട ആര്‍.എസ്.എസിനെ പ്രകീര്‍ത്തിക്കുകയാണ്.
1963ല്‍ നടന്ന റിപ്പബ്‌ളിക് ദിന പരേഡില്‍ ആര്‍.എസ്.എസിനെ ജവഹര്‍ലാല്‍ നെഹ്‌റു നേരിട്ട് പങ്കെടുപ്പിച്ചു എന്ന ഗവര്‍ണറുടെ വാദം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ വിവരാവകാശ മറുപടിയില്‍ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. സംഘപരിവാറിന്‍റെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്നു ശേഖരിക്കുന്നതാണോ ഇത്തരം വിവരങ്ങളെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.