തിരുവനന്തപുരം:മെഡിക്കൽ പി.ജി വിദ്യാർത്ഥിനി ഷഹാന ആത്മഹത്യ ചെയ്ത കേസിൽ സുഹൃത്തും സഹപാഠിയുമായ റുവൈസിനെ കോടതി റിമാൻഡ് ചെയ്തു. തിരവനന്തപുരം അഡീ.ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇന്ന് (06.12.23) പുലർച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് റുവൈസിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്‌തിരുന്നു.
ഇന്നലെ ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവും ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഷഹനയും റുവൈസും തമ്മിൽ അടുപ്പത്തിലായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ഇവരുടെ വിവാഹത്തിന് ഇരുവരുടെയും വീട്ടുകാരും സമ്മതം അറിയിച്ചിരുന്നു. എന്നാൽ റുവൈസിന്റെ വീട്ടുകാർ വൻ തുക സ്ത്രീധനമായി ആവശ്യപ്പെട്ടു. ഷഹനയുടെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായ സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹം മടങ്ങുകയായിരുന്നു. ബന്ധുക്കൾ ഉന്നയിച്ച ഈ ആരോപണത്തിന് പിന്നാലെ റുവൈസിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് കസ്റ്റഡിയിലെടുത്തത്.
അതേസമയം ഷഹനയുടെ ആത്മഹത്യാക്കുറിപ്പിൽ ആർക്കെതിരെയും ആരോപണം ഉണ്ടായിരുന്നില്ല. "എല്ലാവർക്കും വേണ്ടത് പണമാണ്. എല്ലാത്തിലും വലുത് പണമാണ്" എന്ന് മാത്രമാണ് ഷഹനയുടെ മുറിയിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നത്.
റുവൈസ് കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ്. കസ്റ്റഡിയിലെടുക്കാന്‍ വൈകിയാല്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ നീക്കം നടത്തുമെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ കേസില്‍ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിത ശിശു വികസന വകുപ്പ് ഡയറക്‌ടര്‍ക്ക് ആരോഗ്യ മന്ത്രി വീണ ജോർജ് നിര്‍ദേശം നല്‍കിയിരുന്നു. വെഞ്ഞാറമൂട് സ്വദേശിയായ ഷഹനയെ ചൊവ്വാഴ്ചയാണ് (05.12.23) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.