തിരുവനന്തപുരം: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ തിങ്കളാഴ്‌ച സംസ്ഥാനത്ത് ചക്ര സ്തംഭന സമരം. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയൻ ഐക്യസമിതിയാണ് സമരം ചെയ്യുന്നത്.
തിങ്കളാഴ്‌ച രാവിലെ 11 മുതൽ 15 മിനിട്ട് വാഹനങ്ങൾ നിരത്തിൽ നിർത്തിയിട്ട് പ്രതിഷേധിക്കാനാണ് ആഹ്വാനം. പെട്രോളിയം ഉൽപ്പന്നങ്ങളുടെ
വില ദിനംപ്രതി വർധിപ്പിക്കുന്ന മോദി സർക്കാരിൻ്റെ നയം ജനങ്ങൾക്ക് താങ്ങാനാവാത്ത ഭാരമായി മാറിയെന്ന് ട്രേഡ് യൂണിയൻ ഐക്യ സമിതി ആരോപിച്ചു.
Also Read: കരുവന്‍തുരുത്തിക്കാരുടെ 'പുഞ്ചിരി'യും 'പൊട്ടിച്ചിരി'യും
ബസ് ഓപ്പറേറ്റർമാരുടെ സംഘടനകളും ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷനും സമരത്തിൽ പങ്കെടുക്കും. നിരത്തിൽ വാഹനങ്ങൾ നിർത്തിയിടുമെങ്കിലും ആംബുലൻസുകളെ സമരത്തിൽ നിന്ന് ഒഴിവാക്കി. ആംബുലൻസുകൾ കടന്നു പോകാൻ സൗകര്യം ഉറപ്പുവരുത്തുമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ വ്യക്തമാക്കി.