തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് കൈമാറുന്നത് സംബന്ധിച്ച സർക്കാരിന്‍റെ അപ്പീലിൽ വിധി വന്നതിന് ശേഷം തുടർ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ കാര്യങ്ങൾ നിയമപ്രകാരം നീങ്ങുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
കേസന്വേഷണത്തിന് ക്രൈംബ്രാഞ്ച് വിവരങ്ങൾ കൈമാറുന്നില്ലെന്ന് ആരോപിച്ച് അടിയന്തര പ്രമേയത്തിന് ഷാഫി പറമ്പിൽ എംഎല്‍എ നോട്ടീസ് നൽകി. എന്നാൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങി പോയി. പെരിയ ഇരട്ട കൊലക്കേസിന്‍റെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറാത്തതെന്തുകൊണ്ടെന്ന് പകൽ പോലെ വ്യക്തമാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ ഷാഫി പറമ്പിൽ ആരോപിച്ചു. തങ്ങൾക്ക് ബന്ധമില്ലെന്ന് സിപിഎം പറയുമ്പോൾ ലക്ഷങ്ങൾ ചിലവിട്ട് എന്തിന് സർക്കാർ അപ്പീൽ നൽകിയതെന്നും ഷാഫി ചോദിച്ചു.
എന്നാൽ കേസ് സിബിഐക്കു കൈമാറുന്നതു സംബന്ധിച്ച് സർക്കാർ നൽകിയ അപ്പീൽ വാദം പൂർത്തിയായി വിധി പറയുന്നതിനു മാറ്റി വച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപ്പീലിൽ തീരുമാനം വന്ന ശേഷമേ മറ്റു കാര്യങ്ങളിലേക്ക് കടക്കാൻ കഴിയൂ. ആരെങ്കിലും എന്തെങ്കിലും വിടുവായിത്തം പറഞ്ഞാൽ അത് ഏറ്റെടുത്ത് മറുപടി പറയുകയല്ല സർക്കാരിന്‍റെ ജോലിയെന്നും പിണറായി വിജയൻ പറഞ്ഞു. അതെസമയം, ഹൈക്കോടതി മറിച്ചൊരഭിപ്രായം പറയാത്തിടത്തോളം ഈ കേസ് സിബിഐയുടെ കൈയ്യിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിബിഐ അന്വേഷിച്ചാൽ കുടുങ്ങും എന്നതു കൊണ്ടാണ് സിപിഎം, സി ബി ഐ അന്വേഷണത്തെ ഭയക്കുന്നതെന്ന് രമേശ് ചെന്നിത്തല കൂട്ടിചേർത്തു.