തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖം കണ്ടാൽ ജനങ്ങൾ വോട്ട് ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുകൊണ്ടാണ് പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാത്തത്. വികസനത്തിന്‍റെ പേരിൽ നടക്കുന്നത് അഴിമതികൾ മാത്രമാണ്. ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു സർക്കാരാണ് ഇപ്പോഴുള്ളത് എന്നും ചെന്നിത്തല പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി യുഡിഎഫ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന വെർച്വൽ റാലിയിലാണ് പ്രതിപക്ഷ നേതാവിന്‍റെ വിമർശനം.
സർക്കാരിന് മൂന്നുനാലു മാസം കൂടിയേ ആയുസുള്ളൂ. സ്വപ്‌ന സുരേഷുമായി ബന്ധമുള്ള പാർട്ടി ഉന്നതന്‍റെ പേര് വരും ദിവസങ്ങളിൽ പുറത്തുവരും. പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞതോടെ ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ ജോലി നഷ്ടമായി. എന്നാൽ പാർട്ടി സഖാക്കളുടെ മക്കൾക്കും ബന്ധുക്കൾക്കും അനധികൃത നിയമനങ്ങൾ നൽകുന്നു എന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിന് പുറമേ യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരും വെർച്വൽ റാലിയിൽ പങ്കെടുത്തു.