തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയുള്ള സർക്കാർ ഉത്തരവ് കർശനമായി പാലിക്കണമെന്ന് ഡിജിപി. ഇത് ഉറപ്പ് വരുത്തണമെന്ന് ജില്ല പൊലീസ് മേധാവികൾക്ക് ഡിജിപി ലോക്‌നാഥ് ബെഹ്റ നിർദേശം നൽകി. രാത്രി 10 മണിക്ക് ശേഷം പുതുവത്സരാഘോഷങ്ങൾ ഒന്നും ഉണ്ടാകില്ല എന്ന് പൊലീസ് ഉറപ്പുവരുത്തണം. ഇതിനായി ഡ്രോൺ സംവിധാനം ഉൾപ്പെടെ ഉപയോഗിക്കണമെന്നും ഡിജിപി നിർദേശം നൽകി.
പൊലീസ് പട്രോൾ സംവിധാനം ശക്തമാക്കണം. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന വനിതകൾക്കും വിദേശികൾക്കും സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. മദ്യപിച്ചുള്ള ഡ്രൈവിങ്, അമിതവേഗം എന്നിവ കണ്ടെത്തുന്നതിന് പ്രധാന കേന്ദ്രങ്ങളിൽ പരിശോധന നടത്തണം. ജനുവരി ഒന്ന് രാത്രി 10 മണി വരെ പൊലീസ് ജാഗ്രത തുടരണമെന്നും ഡിജിപി നിർദേശിച്ചു. വീടുകളിലും മറ്റും നടക്കുന്ന ആഘോഷ പരിപാടികളിൽ അനാവശ്യമായി ഇടപെടാൻ പാടില്ല. പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്നും സംസ്ഥാന പൊലീസ് മേധാവി നൽകിയ നിർദേശത്തിൽ വ്യക്തമാക്കുന്നു.