തിരുവനന്തപുരം : വിഴിഞ്ഞം സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് സമാധാന ദൗത്യ സംഘം പദ്ധതി പ്രദേശത്ത് സന്ദർശനം നടത്തും. തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരാണ് ഉച്ചയ്ക്ക് വിഴിഞ്ഞം സന്ദർശിക്കുന്നത്. ബിഷപ്പ് ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓർത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ. ഗ്രബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പാളയം ഇമാം തുടങ്ങിയവരാണ് സമാധാന ദൗത്യ സംഘത്തിൽ ഉള്ളത്.
വിഴിഞ്ഞം സംഘർഷത്തിലും പൊലീസ് സ്റ്റേഷൻ ആക്രമണത്തിലും പരിക്കേറ്റ മത്സ്യത്തൊഴിലാളികളെയും പൊലീസുകാരെയും സംഘം കാണും. അതേസമയം, കഴിഞ്ഞ ദിവസങ്ങളിലെ സമവായ നീക്കങ്ങളുടെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് സമരസമിതിയും യോഗം ചേർന്നേക്കും. ഇന്നലെ സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തിയാണ് തോമസ് ജെ നെറ്റോയെ കണ്ടത്. സഭയുമായി പാർട്ടി ഏറ്റുമുട്ടലിനില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചതായും സംഘർഷം ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചതായും സൂചനയുണ്ട്. സമരം ഒത്തുതീർപ്പാക്കുന്നതിനായുള്ള സര്‍ക്കാരിന്‍റെ സമവായ ശ്രമങ്ങള്‍ തുടരുകയാണ്.