തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് മുൻ എം.എൽ.എ പി.സി ജോർജ്. മുസ്‌ലിം തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ റമദാൻ സമ്മാനമാണ് അറസ്റ്റ് എന്നും ജാമ്യം ലഭിച്ച ശേഷം വഞ്ചിയൂർ കോടതി മജിസ്ട്രേറ്റ് ആശ കോശിയുടെ വസതിയിൽ നിന്ന് പുറത്തുവന്നശേഷം പി.സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
ആരെയും മനഃപ്പൂർവം അപമാനിക്കാൻ ശ്രമിച്ചിട്ടില്ല. മനസിലെ ആശയവും പറഞ്ഞതും മാറിപ്പോയി. പൊലീസ് അറസ്റ്റ് ചെയ്‌തതിൽ സങ്കടമുണ്ട്. ഫോണിൽ വിളിച്ചിരുന്നെങ്കിൽ താൻ നേരിട്ട് ഹാജരാകുമായിരുന്നു. അറസ്റ്റിനു പിന്നിൽ രാഷ്ട്രീയമാണ്. കോൺഗ്രസും സിപിഎമ്മും ഒരുപോലെ പ്രവർത്തിക്കുന്നു. ഇരുപാർട്ടികളുടെയും ഭരണപിന്തുണ മുസ്‌ലിം തീവ്രവാദികളാണ്. ഈ തീവ്രവാദികളുടെ വോട്ടുകൾ ലക്ഷ്യമിട്ട് കോൺഗ്രസും സിപിഎമ്മും ഒന്നിച്ചു നീങ്ങുകയാണെന്നും പി.സി ജോർജ് ആരോപിച്ചു.
എന്നാൽ കോടതി തന്നോട് മാന്യമായാണ് പെരുമാറിയത്. ലുലു മാളിൽ പോയി സാധനങ്ങൾ വാങ്ങരുതെന്നും എം.എ യൂസഫലിയുടെ സ്ഥാപനങ്ങളിൽ കാശ് കൊടുക്കരുതെന്നുമുള്ള പരാമർശത്തിൽ യൂസഫലിയെ അപമാനിക്കാനല്ല അത്തരത്തിൽ പ്രസ്‌താവന നടത്തിയതെന്ന് പറഞ്ഞ പി.സി ജോർജ്, ആ പ്രസ്‌താവന പിൻവലിക്കുന്നതായും പറഞ്ഞു.
വ്യവസായികൾ ഇത്തരത്തിൽ മാളുകൾ തുടങ്ങുമ്പോൾ ചെറുകിട തൊഴിലാളികൾ പട്ടിണിയിലാകുമെന്നാണ് താൻ ഉദ്ദേശിച്ചത്. താനൊരിക്കലും മതസൗഹാർദ വിരുദ്ധമായി പറഞ്ഞതല്ല. മുസ്‌ലിം വിഭാഗത്തിൽ ഒരു വിഭാഗം തീവ്രവാദ പ്രസ്ഥാനത്തിൽ നിൽക്കുകയാണ്. മഹാരാജാസ് കോളജിൽ അഭിമന്യുവിനെ കുത്തിക്കൊന്നു. അത് തെറ്റല്ലെന്ന് പറയാൻ പറ്റുമോ. ഇത് ഭീകരവാദമാണ് തെറ്റാണ് എന്നതിൽ ഉറച്ച് നിൽക്കുന്നു. മുസ്‌ലിം മതവിഭാഗത്തിൽ ഒരുഭാഗം തീവ്രവാദ പ്രസ്ഥാനത്തിൽ നിൽക്കുകയാണ്.
കച്ചവടം ചെയ്യുന്ന മുസ്‌ലിങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവ്വം കലർത്തുന്നു പ്രസ്‌താവനയിലും താൻ ഉറച്ചു നിൽക്കുന്നു. വയനാട് സ്വദേശിയായ നിലവിൽ കോഴിക്കോട് താമസിക്കുന്ന ഒരു യുവാവ് തന്നോട് കരഞ്ഞു പറഞ്ഞ കാര്യമാണ് താൻ പ്രസംഗത്തിനിടയിൽ പരാമർശിച്ചത് എന്നും പി.സി ജോർജ് പറഞ്ഞു.