തിരുവനന്തപുരം : അർധരാത്രി ട്രെയിനിൽ നിന്ന് വഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ യാത്രക്കാരി മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി. ജൂലൈ 30 നായിരുന്നു സംഭവം. വടക്കാഞ്ചേരിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ കെ ജയ സ്‌മിതയെ വഴിയിൽ ഇറക്കിവിടുകയായിരുന്നു. റെയിൽവെ പൊലീസ് ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് ടിക്കറ്റില്ലെന്ന പേരിൽ വഴിയിൽ ഇറക്കിവിട്ടതെന്നാണ് വടക്കാഞ്ചേരി സ്വദേശിനിയുടെ പരാതി.
ജൂലൈ 22നാണ് വടക്കാഞ്ചേരി സ്റ്റേഷനിൽ നിന്ന് ജയ സ്‌മിത ടിക്കറ്റ് ബുക്ക് ചെയ്‌തത്. എന്നാൽ ബുക്ക് ചെയ്‌ത സമയത്ത് സാങ്കേതിക പ്രശ്‌നം ഉണ്ടായിരുന്നതായി പരാതിക്കാരി ഇടിവി ഭാരതിനോട് പറഞ്ഞു. തിരുവനന്തപുരം എക്‌സ്പ്രസിൽ നിന്ന് ആലുവ സ്റ്റേഷനിൽ രാത്രി 11:30 ഓടെ തന്നെ വഴിയിൽ ഇറക്കിവിട്ടതായാണ് യാത്രക്കാരിയുടെ പരാതി. സംഭവത്തിൽ ആർ പി എഫിലും ജയ സ്‌മിത പരാതി നൽകിയിട്ടുണ്ട്. ഇവർ തിരുവനന്തപുരത്ത് സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്.
താൻ ഉറങ്ങി കിടന്നപ്പോൾ റെയിൽവേ ഉദ്യോഗസ്ഥർ എത്തി ബുക്ക് ചെയ്‌ത ടിക്കറ്റ് ക്യാൻസലായെന്നും ഫൈൻ അടയ്‌ക്കണമെന്നും ആക്രോശിച്ചു. എന്നാൽ സാങ്കേതിക പ്രശ്‌നത്തിന്‍റെ പേരിൽ, ഫൈൻ അടയ്‌ക്കില്ലെന്ന് അറിയിച്ചതോടെ ജീവനക്കാർ തന്നെ അധിക്ഷേപിച്ച് ഇറക്കി വിട്ടുവെന്ന് യാത്രക്കാരി പ്രതികരിച്ചു. ടിക്കറ്റ് ക്യാൻസൽ ആയതിന്‍റെ മെസ്സേജ് ഫോണിലേക്ക് വന്നിരുന്നില്ലെന്നും യാത്രക്കാരി പറഞ്ഞു. സംഭവത്തിൽ റെയിൽവേ അധികൃതർ ആദ്യം ഫൈൻ ചുമത്തിയെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു.
Also Read : New Stop for 15 trains | 15 ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ ; മലയാളികള്‍ക്ക് റെയില്‍വേയുടെ ഓണസമ്മാനം
സംഭവത്തിൽ ഡിവിഷണൽ കൊമേർഷ്യൽ മാനേജർക്കും യുവതി പരാതി നൽകി. താൻ നേരിട്ട മാനസിക പീഡനത്തിനെതിരെ തുടർന്നും പോരാട്ടം നടത്തുമെന്ന് പരാതിക്കാരി വ്യക്തമാക്കി. റെയിൽവേ അധികൃതർ ഇതുവരെ തന്നെ അധിക്ഷേപിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. കുറ്റവാളികളോട് പെരുമാറുന്ന രീതിയിലാണ് തന്നോട് ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്നും യുവതി അരോപിക്കുന്നു. അതേസമയം, ടിക്കറ്റ് എടുക്കാൻ ഫോൺ നമ്പർ നൽകുമ്പോൾ കൃത്യമാണെന്ന് ഉറപ്പാക്കണമെന്നും യാത്രക്കാരുടെ സൗകര്യാർഥമാണ് നേരിട്ടെടുക്കുന്ന ടിക്കറ്റ് ഓൺലൈൻ ആയി റദ്ദാക്കാൻ അവസരം നൽകുന്നതെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. സാങ്കേതിക തകരാറാണോ ഈ പ്രശ്‌നത്തിന് കാരണമായതെന്ന് റെയിൽവെ പരിശോധിച്ച് വരികയാണ്.
Read More : ട്രെയിൻ ടിക്കറ്റ് കാൻസൽ ചെയ്യാൻ ശ്രമിക്കുന്നതിനിടെ സൈബർ തട്ടിപ്പ്, നഷ്‌ടമായത് മൂന്നര ലക്ഷം
ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിനിടെ സൈബർ തട്ടിപ്പ് : രണ്ട് ദിവസം മുൻപാണ് കോഴിക്കോട് സ്വദേശി ഓൺലൈനിൽ ട്രെയിൻ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാൻ ശ്രമിക്കുന്നതിനിടെ സൈബർ തട്ടിപ്പിനിരയായത്. നടക്കാവ് വണ്ടിപ്പേട്ട സ്വദേശിയുടെ സേവിങ്സ് ബാങ്ക്, സ്ഥിര നിക്ഷേപ അക്കൗണ്ടുകളിൽ നിന്ന് 3.5 ലക്ഷം രൂപയാണ് നഷ്‌ടമായത്. മൂന്ന് രഹസ്യ കോഡുകളും രണ്ട് ഒടിപി കോഡും ഉൾപ്പടെയുള്ള സുരക്ഷ മറികടന്നാണ് തട്ടിപ്പ്. ഇത്തരത്തില്‍ ഇത് ആദ്യ സംഭവമാണെന്ന് പൊലീസ് പറയുന്നു.