തിരുവനന്തപുരം: പാറശാല ഷാരോൺ രാജിന്‍റെ കൊലപാതകത്തിൽ പ്രതിയായ ഗ്രീഷ്‌മയുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. അറസ്റ്റിന് ശേഷം ഗ്രീഷ്‌മയെ വീട്ടിലെത്തിച്ച് തെളിവെടുക്കും. തുടർന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
നാടകീയതകൾക്കൊടുവിൽ ഇന്നലെ എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്‌മ കുറ്റം സമ്മതിച്ചത്. ഷാരോണിന്‍റെ മരണത്തിൽ ആദ്യം ന്യായീകരണങ്ങൾ നിരത്തി രക്ഷപ്പെടാൻ ശ്രമിച്ച ഗ്രീഷ്‌മയ്ക്ക് ജില്ല ക്രൈംബ്രാഞ്ചിന്‍റെ ചോദ്യം ചെയ്യലിൽ അധിക നേരം പിടിച്ച് നിൽക്കാനായില്ല.
മൊഴിയിലെ വൈരുധ്യവും ഡോക്‌ടറുടെ മൊഴിയും നിരത്തി നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്‌മ കുറ്റസമ്മതം നടത്തിയത്. ഗ്രീഷ്‌മ കുറ്റം സമ്മതിച്ചതോടെ കൂടുതൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷം ഗ്രീഷ്‌മയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.
മൊഴിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ വ്യക്ത വരുത്താനും തെളിവുകള്‍ നശിപ്പിച്ചതിനെ കുറിച്ച് മനസിലാക്കാനുമുണ്ടെന്ന് ജില്ല ക്രൈം ബ്രാഞ്ച് പറയുന്നു. ഇതിനായി ഗ്രീഷ്‌മയെ കസ്റ്റഡയിൽ വാങ്ങി ചോദ്യംചെയ്യും. തന്‍റെ അമ്മ കുടിച്ചിരുന്ന കഷായം താൻ കുടിക്കുന്ന കഷായമാക്കി ഷാരോണിന്‍റെ മുമ്പിൽ അവതരിപ്പിച്ചു.
അങ്ങേയറ്റം ചവർപ്പുളള തന്‍റെ കഷായം ഒരു വട്ടമെങ്കിലും കുടിച്ചു നോക്കിയാലേ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസിലാകുകയുള്ളൂ എന്ന് ഷാരോണിനെ ബോധ്യപ്പെടുത്താനായിരുന്നു അടുത്ത ശ്രമങ്ങൾ. ജ്യൂസ് ചലഞ്ച് അങ്ങനെ കഷായ ചലഞ്ചാക്കി. കഷായം കുടിച്ചതോടെ ഷാരോണിന്‍റെ ആരോഗ്യ സ്ഥിതി മോശമാവുകയും ഗുരുതരമാകുകയുമായിരുന്നു.
കഷായത്തെക്കുറിച്ചുളള സംശയം ഇല്ലാതാക്കാൻ ജ്യൂസായിരിക്കും പ്രശ്‌നമെന്ന് പറഞ്ഞുറപ്പിക്കാൻ ശ്രമിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച കീടനാശിനി കണ്ടെത്തിയതായി എഡിജിപി എം.ആർ അജിത് കുമാർ നടത്തിയ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഡൈ ആസിഡ് ബ്ലൂ ആണ് ഉപയോഗിച്ചത്. ആന്തരികാവയവങ്ങള്‍ക്ക് കേടുണ്ടാക്കാന്‍ സാധിക്കുന്ന രാസവസ്‌തുവാണിത്.
also read:ഷാരോണിന്‍റെ കൊലപാതകം: നിര്‍ണായകമായത് ഡോക്ടറുടെ മൊഴി, മറ്റു പ്രതികളുണ്ടോയെന്ന് അന്വേഷിക്കും - എഡിജിപി