തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസ് അന്വേഷണത്തിൽ പാറശാല പൊലീസിന് വീഴ്‌ച സംഭവിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി പാറശാല സി.ഐ ഹേമന്ത് കുമാർ. അന്വേഷണത്തിൽ പാറശാല പൊലീസിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്നും കൃത്യമായി ഇടപെട്ടെന്നും വിശദീകരിക്കുന്ന ശബ്‌ദസന്ദേശം സിഐ പുറത്തുവിട്ടു.
സംഭവം നടന്ന് ഏഴ് ദിവസം കഴിഞ്ഞാണ് പൊലീസ് വിവരമറിഞ്ഞത്. മെഡിക്കൽ കോളജ് അധികൃതരാണ് വിവരം അറിയിച്ചത്.ഷാരോണിനു വയ്യാതായി ഏഴ് ദിവസവും ബന്ധുക്കൾ പൊലീസിനെ സമീപിച്ചില്ല. ഷാരോണിന്‍റെ മൊഴിയിലും ദുരൂഹത പ്രകടിപ്പിച്ചില്ല.
25ന് വൈകിട്ടാണ് ഷാരോൺ മരിക്കുന്നത്. 26ന് വീട്ടുകാരെ പൊലീസ് നിർബന്ധിച്ചു സ്റ്റേഷനിൽ വിളിച്ചു വരുത്തി. ഷാരോണിന്‍റെ വീട്ടുകാരുടെ സംശയത്തിന്‍റെ അടിസ്ഥാനത്തിൽ മൂന്നു തവണ പെൺകുട്ടിയുടെ മൊഴി എടുത്തു.
27ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്‌ത ഡോകട്റുടെ മൊഴിയിൽ അന്വേഷണം ഊർജിതമാക്കി. കഷായം, കടയിൽ നിന്നു വാങ്ങിയെന്ന മൊഴി 28ന് തന്നെ നുണയാണെന്ന് സ്ഥിരീകരിച്ചെന്നും ശബ്‌ദസന്ദേശത്തിൽ പറയുന്നു. അതേസമയം, വീഴ്‌ചകളെ ന്യായീകരിക്കുന്ന സിഐയുടെ വിശദീകരണം പ്രതിഭാഗത്തിന് അനുകൂലമാകാൻ സാധ്യതയുണ്ട്. ഷാരോണിന്‍റെ മരണമൊഴിയിൽ ഗ്രീഷ്‌മക്കെതിരെ പരാമർശങ്ങളില്ലെന്നതും ക്രൈംബ്രാഞ്ചിന് തിരിച്ചടിയാകും.