തിരുവനന്തപുരം: വാഴമുട്ടത്തെയും പനത്തുറയേയും ബന്ധിപ്പിച്ച് പാർവ്വതി പുത്തനാറിന് കുറുകെ പാലം നിർമിക്കുമെന്ന വാഗ്ദാനത്തിന് 35 വർഷത്തെ പഴക്കം. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും പാലം തരാം എന്ന വാഗ്ദാനം രാഷ്‌ട്രീയക്കാർ ആവർത്തിക്കും, പക്ഷെ ഒന്നും നടക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു.
എല്ലാത്തിനും സാക്ഷിയായി 1985 ൽ സ്ഥാപിച്ച ഒരു ശിലാഫലകം ഇവിടെയുണ്ട്. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി തലസ്ഥാനം സന്ദർശിച്ചതിനു പിന്നാലെയായിരുന്നു പാലത്തിന്‍റെ തറക്കല്ലിടൽ നടന്നത്. പിന്നെ മണ്ണ് പരിശോധന, പൈലിംഗ് പണികളും നടന്നു. അതോടെ പാലം പണിയാനുള്ള ഉത്സാഹം നിലച്ചു. പിന്നെ പാലം എന്നത് മുന്നണികളുടെ വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങി.
നിരവധി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. നിലവിൽ കടത്തുവള്ളമാണ് ഇവരുടെ ആശ്രയം. ഇരുകരകളെയും ബന്ധിപ്പിച്ച കയറിലൂടെ വലിച്ച് സാഹസികമായിട്ടാണ് ഇവരുടെ യാത്ര. യാത്രയ്ക്കായി വള്ളം എപ്പോഴും കിട്ടണമെന്നുമില്ല. പിന്നെ പ്രധാന റോഡ് എത്തണമെങ്കിൽ ഏറെ ദൂരം ചുറ്റണം. പാലം വരുമെന്നത് ഇന്നാട്ടുകാർക്ക് ഇപ്പോ പറഞ്ഞു കേട്ട ഒരു തമാശ മാത്രമായി മാറി.
വണ്ടികൾ പോകുന്ന ഒരു പാലം തന്നെ വേണമെന്ന നിർബന്ധം ഇന്ന് ഇവർക്കില്ല. ഒരു നടപ്പാലമെങ്കിലും കിട്ടിയാൽ മതിയെന്നാണ് നാട്ടുകാർ പറയുന്നത്. പാലത്തെ ചുറ്റിപറ്റി ഈ തെരഞ്ഞെടുപ്പ് കാലത്തും വാഗ്ദാനങ്ങൾക്ക് ഒരു കുറവും ഇല്ലെന്ന് നാട്ടുകാർ പറയുന്നു. എല്ലാ സ്ഥാനാർഥികളും പാലം നിർമിച്ചു നൽകാമെന്ന് എന്നാവർത്തിക്കുന്നുണ്ട്.