നെയ്യാറ്റിൻകരയിൽ 150 കിലോ നിരോധിത പാൻമസാല കാറിൽ കടത്താൻ ശ്രമിച്ച രണ്ടു പേർ എക്സൈസ് സംഘത്തിന്‍റെ പിടിയിൽ. കരുനാഗപ്പള്ളി സ്വദേശികളായ ഷാജഹാൻ(39), നൗഷാദ്(31) എന്നിവരാണ് പിടിയിലായത്.
വിപണിയിൽ ആറു ലക്ഷത്തിലധികം രൂപ വില വരുന്ന പാൻമസാലകളാണ് എക്സൈസ് സംഘം പിടികൂടിയത്. തമിഴ്നാട്ടിലെ കളിയിക്കാവിളയിൽ നിന്ന് കരുനാഗപ്പള്ളിയിൽ എത്തിക്കാൻ കൊണ്ടു പോകവേയാണ് പിടിയിലായത്. വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി ഉൽപന്നങ്ങളുടെ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അഭിലാഷ് പറഞ്ഞു. പാലക്കടവ് ചെക്ക് പോസ്റ്റിലൂടെ നിർത്താതെ പോയ കാറിനെ കുറിച്ച് നെയ്യാറ്റിൻകര റെയ്ഞ്ചിൽ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇവരെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. പന്ത്രണ്ടു ചാക്കുകളിലായിട്ടാണ് ഇവ സൂക്ഷിച്ചിരുന്നത്.