തിരുവനന്തപുരം: പമ്പ-ത്രിവേണി മണലെടുപ്പില്‍ അന്വേഷണത്തിന് ഉത്തരവിട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി. 2018ലെ പ്രളയത്തെ തുടര്‍ന്ന് പമ്പ ത്രിവേണിയില്‍ അടിഞ്ഞ മണല്‍ നീക്കം ചെയ്യുന്നതതില്‍ അഴിമതി നടന്നെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
മണല്‍ നീക്കം ചെയ്യുന്നതിന് കണ്ണൂരിലെ കേരള ക്ലെയ്‌സ് ആന്‍ഡ് സെറാമിക്‌സ് എന്ന സ്ഥാപനത്തിന് സൗജന്യമായി കരാര്‍ നല്‍കിയത് വഴി സര്‍ക്കാര്‍ ഖജനാവിന് ലഭിക്കേണ്ട 10 കോടി രൂപ നഷ്ടമായി. ഇത് അഴിമതിയാണെന്ന് ചെന്നിത്തല ഹര്‍ജിയില്‍ ആരോപിച്ചു. ഒരു ലക്ഷം മെട്രിക് ടൺ മണലും മണ്ണും മെട്രിക്കിന് 2,777 രൂപ നിശ്ചയിച്ച് ലേലത്തിന് വച്ചു. എന്നാൽ തുക അധിക്കമായതിനാൽ കരാർ ആരും ഏറ്റെടുത്തില്ല. ഇത് പ്രകാരം ചീഫ് സെക്രട്ടറി ലേല തുക ഒരു മെട്രിക്കിന് 1,200 രൂപയായി കുറച്ചു. എന്നിട്ടും കരാര്‍ ആരും ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്ന കാരണം കാട്ടിയാണ് പത്തനംതിട്ട കലക്ടർ പി.ബി നൂഹ് കണ്ണൂരിലെ കേരള ക്ലെയ്‌സ് ആൻഡ് സെറാമിക്‌സ് എന്ന സ്ഥപനത്തിന് സൗജന്യമായി കരാർ നൽകിയത്. മുൻ ചീഫ് സെക്രട്ടറി ടോം ജോസ്, പത്തനംതിട്ട കലക്ടർ പി.ബി നൂഹ്, കണ്ണൂരിലെ കേരള ക്ലെയ്‌സ് ആൻഡ് സെറാമിക്‌സ് എന്ന സ്ഥപനത്തിന്‍റെ എം.ഡി എന്നിവരാണ് എതിർകക്ഷികൾ.