തിരുവനന്തപുരം: പമ്പ ത്രിവേണി മണലെടുപ്പ് വിവാദത്തില്‍ പത്തനംതിട്ട ജില്ല കലക്ടർക്കെതിരെ സിപിഐ. മണല്‍ പുറത്തേക്കു കൊണ്ടു പോകാന്‍ കലക്‌ടർ നല്‍കിയ ഉത്തരവ് തെറ്റാണെന്ന് സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി കെ.പ്രകാശ് ബാബു പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ കലക്‌ടര്‍ക്ക് മണല്‍ നീക്കം ചെയ്യാൻ അധികാരമുണ്ട്. എന്നാല്‍ വന സംരക്ഷണ നിയമപ്രകാരം മണല്‍ വനഭൂമിക്ക് പുറത്തേക്ക് കൊണ്ടു പോകാനാകില്ല. ഈ സാഹചര്യത്തില്‍ എങ്ങനെ ഇത്തരമൊരു ഉത്തരവിറക്കിയെന്ന് കലക്‌ടർ വ്യക്തമാക്കണം.
വിരമിച്ച ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഉത്തരവ് ഇറക്കിയതെങ്കില്‍ അത് കലക്‌ടർ പറയണം. മണ്ണ് പുറത്തേക്കു കൊണ്ടു പോകരുതെന്ന് നിര്‍ദ്ദേശിച്ച വനം മന്ത്രിയുടെ നടപടി ശരിയാണ്. മണല്‍ നീക്കം ചെയ്യുന്ന കാര്യത്തില്‍ സിപിഐക്ക് പരാതിയില്ല. വീണ്ടും വെള്ളപ്പൊക്കമുണ്ടാകുമെന്ന പശ്ചാത്തലത്തില്‍ മണല്‍ നീക്കേണ്ടത് അനിവാര്യമാണ്. മണല്‍ പുറത്തേക്ക് കൊണ്ടു പോകരുതെന്ന വനം അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവോടെ പത്തനംതിട്ട കലക്ടറുടെ ഉത്തരവ് അസാധുവായി. മണലെടുക്കുന്നത് സംബന്ധിച്ച് വനംവകുപ്പുമായി വേണ്ടത്ര കൂടിയാലോചന നടന്നില്ലെന്ന അഭിപ്രായം സിപിഐക്കില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.