തിരുവനന്തപുരം: പാളയം കണ്ണിമാറ മാര്‍ക്കറ്റില്‍ നിന്ന് പഴകിയ 100 കിലോയോളം മത്സ്യം പിടിച്ചെടുത്തു. തിരുവനന്തപുരം നഗരസഭാ ആരോഗ്യ വിഭാഗവും ഫുഡ് സേഫ്റ്റി അധികൃതരും ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഉപയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്തത്. പിടിച്ചെടുത്ത മത്സ്യങ്ങളില്‍ ഏറെയും പുഴുവരിച്ച നിലയിലായിരുന്നു. ഐസ് ബോക്‌സുകളിലായാണ് മീനുകള്‍ സൂക്ഷിച്ചിരുന്നത്. നഗരത്തിലെ മാർക്കറ്റുകളിലും ഭക്ഷണ ശാലകളിലും പരിശോധനകൾ തുടരുമെന്ന് മേയർ വി കെ പ്രശാന്ത് പറഞ്ഞു. അതേസമയം പരിശോധനക്കെതിരെ മത്സ്യ കച്ചവടക്കാര്‍ രംഗത്ത് വന്നത് സംഘര്‍ഷത്തിനിടയാക്കി. മാര്‍ക്കറ്റുകളിലല്ല ഇടനില കേന്ദ്രങ്ങളിലാണ് പരിശോധന നടത്തേണ്ടതെന്നതായിരുന്നു വിൽപനക്കാരുടെ ആവശ്യം. കേടായ മീനുകള്‍ക്കൊപ്പം നല്ല മീനുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതായി അവര്‍ ആരോപിച്ചു.
രാവിലെ പത്ത് മണിയോട് കൂടിയായിരുന്നു കണ്ണിമാറ മാര്‍ക്കറ്റില്‍ പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷ വിഭാഗത്തിനൊപ്പം മത്സ്യ വകുപ്പും പരിശോധനയില്‍ പങ്കെടുത്തു. പിടിച്ചെടുത്ത മത്സ്യത്തിന്റെ സാമ്പിളുകള്‍ കൂടൂതല്‍ പരിശോധനകള്‍ക്കായി ലാബിലേക്ക് അയച്ചു. ക്രമക്കേട് ബോധ്യപ്പെടുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുമെന്നും ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്നും അധിക്യതർ അറിയിച്ചു.
ഭക്ഷണ വിതരണത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ ഹോട്ടലുകളും കാറ്ററിംഗ് മേഖലയിലും പരിശോധന കർശനമാക്കും. ഇതിന്‍റെ ഭാഗമായി ഫുഡ് സേഫ്റ്റി പരിശോധനകൾക്ക് ആവശ്യമായ കിറ്റ് നഗരസഭ വാങ്ങും. സുഭോജനം പദ്ധതിയുടെ ഭാഗമായി ഈ മേഖലയിലുള്ളവർക്ക് സൗജന്യ പരിശീലനം നൽകി സർട്ടിഫിക്കറ്റ് നൽകും. ഹെൽത്ത് കാർഡ് നിർബന്ധമാക്കും. ഇതിനായി വിവിധ അസോസിയേഷനുകളുടെ യോഗം വിളിക്കുമെന്നും മേയർ അറിയിച്ചു. ഇതുകൂടാതെ പഴവർഗങ്ങൾ വിൽക്കുന്ന കടകളിലും തട്ടുകടകളിലും പരിശോധന നടത്തും. പ്ലാസ്റ്റിക് ഉപയോഗം വീണ്ടും വ്യാപകമായതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മേയർ വി കെ പ്രശാന്ത് പറഞ്ഞു.