തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി യു.ഡി.എഫിന്‍റെ കാലത്തു നടന്ന അഴിമതികളില്‍ ഒന്നു മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ അഴിമതിയിലൂടെ ഖജനാവ് കൊള്ളയടിച്ചവരെ കൊണ്ട് കണക്കു പറയിക്കുക എന്നത് നാടിന്‍റെ ഉത്തരവാദിത്തമാണ്. പാലം ക്രമക്കേട് സംബന്ധിച്ച വിജിലന്‍സ് അന്വേഷണം ഇപ്പോള്‍ അന്തിമ ഘട്ടത്തിലാണ്. അഴിമതി നടത്തിയ ആരും രക്ഷപ്പെടില്ല. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം പാലം പുതുക്കി പണിയുന്നതിന്‍റെ മേല്‍നോട്ടം ഏറ്റെടുക്കാമെന്ന് ഇ.ശ്രീധരന്‍ സമ്മതിച്ചിട്ടുണ്ട്.
എട്ടു മാസം കൊണ്ട് പാലംപണി പൂര്‍ത്തിയാക്കാമെന്നുറപ്പുണ്ട്. പാലം തുറന്നു നല്‍കിയ ഘട്ടത്തില്‍ പാലത്തില്‍ വിള്ളലുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാലത്തിന് അടിസ്ഥാന പരമായി ബലക്ഷയം ഉണ്ടായെന്ന് കണ്ടെത്തിയത് ഇ.ശ്രീധരനാണ്. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഭാര പരിശോധന ഹൈക്കൊടതി അംഗീകരിക്കുകയായിരുന്നു.
ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പാലം പുതുക്കിപണിയാന്‍ അനുമതി നല്‍കിയത്. ഇതില്‍ ആരൊക്കെയാണ് ഉത്തരവാദികള്‍ എന്ന് താന്‍ ഇപ്പോള്‍ പറയുന്നില്ല. അന്വേഷണം വൈകാതെ പൂര്‍ത്തിയാകും. രണ്ടു സര്‍ക്കാരുകള്‍ തമ്മിലുള്ള താരതമ്യമാണിത്. നാടിനു വേണ്ടിയുള്ള ഒരു പദ്ധതിയും പണമില്ലെന്നതിന്‍റെ പേരില്‍ മാറ്റി വയ്ക്കാനോ ഗുണ മേന്‍മയില്‍ വിട്ടു വീഴ്ച ചെയ്യാനോ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.