നിയമസഭാ തെരഞ്ഞെടുപ്പിന് കളം ഒരുങ്ങുമ്പോൾ കേരളം കൂടുതല്‍ സമരങ്ങൾക്ക് കൂടി സാക്ഷിയാകുകയാണ്. പിൻവാതില്‍ നിയമനം സംബന്ധിച്ച വിവാദങ്ങൾക്കിടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാണ്. തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്നും ആത്മഹത്യാശ്രമമുണ്ടായി. വരും ദിവസങ്ങളിലും യുവജന പ്രതിഷേധം ശക്തമാകാനാണ് സാധ്യത. സമരച്ചൂടിലും ശബരിമല വിഷയം ഇന്നും ഉയർന്നുവന്നു.
ശബരിമലയിലെ യുവതി പ്രവേശനത്തില്‍ മൂന്ന് മുന്നണികളെയും വിമർശിച്ച് എൻഎസ്എസ് രംഗത്ത് എത്തിയതാണ് ഇന്നത്തെ പ്രത്യേകത. കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് നിയമ നിർമാണത്തിലൂടെ തീർക്കാവുന്ന പ്രശ്നമാണ് ശബരിമലയിലേത്. സത്യവാങ് മൂലം തിരുത്താനോ നിയമം നിർമിക്കാനോ സംസ്ഥാന സർക്കാറിനും കഴിയും. പ്രതിപക്ഷത്ത് ഇരിക്കുമ്പോഴും ബിൽ അവതരിപ്പിക്കാൻ യുഡിഎഫിന് സാധിക്കും. എന്നാൽ മൂന്ന് മുന്നണികളും ഇതൊന്നും ചെയ്യാതെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പുതിയ വാദഗതികളുമായി എത്തുകയാണെന്ന് എൻഎസ്എസ് ആരോപിച്ചു. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ആദ്യ നടപടി ശബരിമല നിയമനിർമാണമാണെന്ന് ഇന്ന് വീണ്ടും രമേശ് ചെന്നിത്തല ആവർത്തിച്ചതിന് പിന്നാലെയാണ് എൻഎസ്എസിന്‍റെ മറുപടി.
അതിനിടെ, ശബരിമല സ്ത്രീ പ്രവേശനത്തില്‍ പുതിയ സത്യവാങ്‌മൂലം നല്‍കുമെന്ന് താൻ പറഞ്ഞതായി വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പ്രതികരിച്ചു. രാഷ്ട്രീയ വിഷയ ദാരിദ്ര്യം കൊണ്ടാണ് പ്രതിപക്ഷം ശബരിമല വിഷയം ഉയർത്തുന്നതെന്നും തെരഞ്ഞെടുപ്പ് അജണ്ട മാറ്റാനാണ് പ്രതിപക്ഷ ശ്രമമെന്നും എംഎ ബേബി ആരോപിച്ചു. അതേസമയം, പിൻവാതില്‍ നിയമനം അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഐശ്വര്യ കേരള യാത്ര തുടരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ വെല്ലുവിളിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണനും മന്ത്രി കെടി ജലീലും രംഗത്ത് എത്തി. ചെന്നിത്തലയോട് പൊന്നാനിയില്‍ മത്സരിക്കാൻ ശ്രീരാമകൃഷ്ണൻ വെല്ലുവിളിച്ചപ്പോൾ തവനൂരില്‍ മത്സരിക്കാനാണ് കെടി ജലീല്‍ വെല്ലുവിളിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫിന് വെല്ലുവിളിയായി പാലാ സീറ്റ് തർക്കം തുടരുകയാണ്. പാലാ സീറ്റ് ലഭിച്ചില്ലെങ്കില്‍ എല്‍ഡിഎഫ് വിടുന്ന കാര്യത്തെ കുറിച്ച് മാണി സി കാപ്പൻ യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തിയെന്നാണ് ലഭ്യമായ വിവരം. എൻസിപി ദേശീയ അധ്യക്ഷൻ ശരദ്‌പവാറുമായി വീണ്ടും കൂടിക്കാഴ്‌ച നടത്തിയ ശേഷമാകും മാണി സി കാപ്പന്‍ നിലപാട് പ്രഖ്യാപിക്കുക. നിയമസഭാ തെരഞ്ഞെടുപ്പ് ആരവങ്ങൾക്കൊപ്പം രാജ്യസഭയിലേക്ക് ഒഴിവു വരുന്ന മൂന്ന് സീറ്റുകളില്‍ ഉടൻ തെരഞ്ഞെടുപ്പ് നടക്കുമെന്നതും കേരള രാഷ്ട്രീയത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചിട്ടുണ്ട്. ഒഴിവു വരുന്ന ഒരു സീറ്റില്‍ ദേശീയ നേതാവ് ഗുലാം നബി ആസാദിനെ മത്സരിപ്പിക്കണം എന്ന ആവശ്യം ചർച്ചയായിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാൻഡാകും കൈക്കൊള്ളുക. മറ്റ് രണ്ട് സീറ്റുകളില്‍ സിപിഎം മത്സരിക്കാനാണ് സാധ്യത. അതല്ലെങ്കില്‍ എൻസിപിക്ക് സീറ്റ് നല്‍കി മാണി സി കാപ്പനെ അനുനയിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.