തിരുവനന്തപുരം: വയോജനങ്ങളുടെ സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച നടപ്പിലാക്കിവരുന്ന പകൽവീടിന്‍റെയും, വയോമിത്രം പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം പാറശാലയിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിർവഹിച്ചു. മെയ് 2018ൽ കോഴിക്കോട് ആരംഭിച്ച പദ്ധതി ബ്ലോക്ക് തലത്തിലും നടപ്പിലാക്കുന്നതിന്‍റെ ജില്ലാതല ഉദ്ഘാടനം നടന്നു. ഇത് പൂർത്തിയായാൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ പകൽ വീടുകൾ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പാറശ്ശാല, ചെങ്കൽ, കാരോട്, കുളത്തൂർ, തിരുപുറം, പൂവാർ എന്നീ പഞ്ചായത്തുകളിലെ ആയിരത്തിലധികം വരുന്ന വയോജനങ്ങൾക്ക് ആരോഗ്യ, മാനസിക, സാമൂഹിക അന്തരീക്ഷങ്ങൾ മെച്ചപ്പെടുത്താൻ ഈ പകൽ വീടിന് സാധിക്കും. 65 വയസ്സിന് മുകളിൽ പ്രായമുള്ള ഏതൊരു വ്യക്തിക്കും പകൽ വീടിലൂടെ സൗജന്യ സേവനങ്ങൾ ലഭ്യമാകും. പ്രാഥമികമായി പാറശാല ബ്ലോക്കിൽ മൂന്ന് ഡോക്ടർമാർ, മൂന്ന് നഴ്സുമാർ, ഉൾപ്പെടുന്ന മൂന്ന് യൂണിറ്റുകളാണ് ആരംഭിക്കുന്നത്. ആറു പഞ്ചായത്തുകളിലായി വിഭജിക്കുന്ന ഈ യൂണിറ്റുകളിലൂടെ ആയിരിക്കും വയോജന പരിപാലനം നടക്കുക. ജീവനക്കാരുടെ ശമ്പളം, മരുന്നുകൾ, മറ്റ് അത്യാവശ്യങ്ങൾ എന്നിവയ്ക്കായി പ്രതിവർഷം ഒരു കോടിയിലധികം രൂപ ചെലവുവരുന്ന പദ്ധതിയുടെ പകുതി കേരള സാമൂഹ്യ സുരക്ഷാ വകുപ്പും ബാക്കി തുക ബ്ലോക്കും പഞ്ചായത്തും നൽകും.
ബ്ലോക്ക് വൈസ് പ്രസിഡന്‍റ് എസ് ആര്യ ദേവന്‍റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പാലിയേറ്റീവ് ആംബുലൻസിന്റെ ഫ്ലാഗ് ഓഫും മന്ത്രി നിർവഹിച്ചു. എന്നാൽ ആറ് പഞ്ചായത്തുകളിൽ നിന്നുമുള്ള പ്രസിഡന്‍റുമാർ ഉൾപ്പെടുന്ന പഞ്ചായത്ത് പ്രതിനിധികൾ പരിപാടിയിൽ നിന്നും വിട്ടു നിന്നത് പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.