തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങള്‍ ചിത്രവധം മൂന്നാം ഘട്ടമെന്ന് മുന്‍ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍. സ്വപ്‌നയുടെ ആരോപണങ്ങള്‍ തെറ്റാണ്. ഒരു സ്ത്രീയോടും മോശമായി പെരുമാറാത്തയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
അസംബന്ധവും അസത്യ പ്രചരണങ്ങളും എല്ലാ പരിധിയും കടന്ന് ഇപ്പോള്‍ പുതിയ തരം ആരോപണങ്ങളിലേക്ക് ശൈലിമാറ്റം സംഭവിച്ചിരിക്കുകയാണ്. ഔദ്യോഗിക വസതിയിലേക്ക് സ്വപ്‌നയെ ഒറ്റയ്ക്ക് ക്ഷണിച്ചുവെന്ന ആരോപണം തെറ്റാണ്. ഔദ്യോഗിക വസതി നിയമസഭ കോംപ്ലക്‌സില്‍ തന്നെയായതിനാല്‍ ഓഫിസില്‍ നിന്നിറങ്ങി എന്നറിഞ്ഞാല്‍ വീട്ടിലേക്ക് സന്ദര്‍ശകര്‍ വരുന്നത് പുതുമയുള്ള കാര്യമല്ലായിരുന്നു.
'ഞാന്‍ സംസ്‌കാര ശൂന്യനല്ല': കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ സ്വപ്‌ന ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ക്ഷണിക്കാനും മറ്റും വന്നിട്ടുണ്ട്. ഔദ്യോഗിക വസതി എത്തുന്നതിന് മുന്‍പ് പൊലീസ് കാവല്‍ ഉള്ള രണ്ട് ഗേറ്റുകള്‍ കടക്കണം. ഔദ്യാഗിക വസതിയില്‍ താമസക്കാരായ രണ്ട് ഗണ്‍മാന്‍മാരും, രണ്ട് അസിസ്റ്റന്‍റ് മാനേജര്‍മാരും, ഡ്രൈവര്‍മാരും, പിഎയും, കുക്കുമാരുമെല്ലാം ഉണ്ട്. അതിനുപുറമേ പകല്‍സമയങ്ങളില്‍ ദിവസവേതനക്കാരായ ക്ലീനിങ് സ്റ്റാഫുകള്‍, ഗാര്‍ഡന്‍ തൊഴിലാളികളും എല്ലാമുള്ളപ്പോള്‍ ഇവരുടെ എല്ലാം കണ്ണുവെട്ടിച്ച് ആരെങ്കിലും ഒറ്റയ്ക്ക് വസതിയില്‍ വരണമെന്ന് ആവശ്യപ്പെടാനുള്ള മൗഢ്യം തനിക്കില്ലെന്നും ശ്രീരാമകൃഷ്‌ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഭാര്യയും മക്കളും അമ്മയും ചേര്‍ന്ന് കുടുംബത്തോടൊപ്പം താമസിക്കുന്നിടത്ത് നിത്യേന മദ്യപാന സദസ് ഉണ്ടായിരുന്നു എന്നാണ് ഒരു ആരോപണം. അത്തരമൊരു തലത്തിലേക്ക് തരം താഴാന്‍ മാത്രം സംസ്‌ക്കാര ശൂന്യനല്ല. 40 വര്‍ഷത്തെ പൊതുജീവിതത്തിനിടയില്‍ ആരോടും മോശമായി പെരുമാറിയിട്ടില്ല. ആര്‍ക്കും അനാവശ്യ സന്ദേശങ്ങള്‍ അയച്ചിട്ടുമില്ല. രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരില്‍ മാത്രം പ്രചരിപ്പിക്കപ്പെടുന്ന ഈ അസത്യങ്ങളുടെ ഗുണഭോക്താക്കള്‍ ആരാണെന്ന് പൊതുസമൂഹം തിരിച്ചറിയണം. ഈ വിഷയത്തെ രാഷ്ട്രീയമായി തന്നെ നേരിടും. പാര്‍ട്ടിയുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നും ശ്രീരാമകൃഷ്‌ണന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.