തിരുവനന്തപുരം: പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്‌ടറിക്കായി ഏറ്റെടുത്തു നൽകിയ ഭൂമി റെയിൽവേ വിട്ടുനൽകിയാലേ അവിടെ സംസ്ഥാന സർക്കാരിന് മറ്റു വ്യവസായങ്ങൾ തുടങ്ങുന്നത് ആലോചിക്കാനാവൂ എന്ന് മന്ത്രി പി.രാജീവ്. സംസ്ഥാനം സൗജന്യമായി ഏറ്റെടുത്ത് നൽകിയ ഭൂമി കമ്പോള വില നൽകിയാലേ തിരിച്ചു നൽകാനാവൂ എന്നതാണ് കേന്ദ്രത്തിൻ്റെ നിലപാട്.
ഭൂമി ഏറ്റെടുത്തു നൽകിയിട്ടും റെയിൽവേ പദ്ധതി തുടങ്ങിയില്ല. റെയിൽവേ പൊതുവേ കേരളത്തോട് സ്വീകരിക്കുന്ന സമീപനം ഇതാണ്. നമ്മൾ ആവശ്യപ്പെടുന്ന ഒന്നും റെയിൽവേ നൽകുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഭൂമി തിരിച്ചെടുത്ത് സംസ്ഥാനം വ്യവസായത്തിന് പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് ഷാഫി പറമ്പിൽ എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. വ്യവസായ വകുപ്പിൽ 'മീറ്റ് ദി മിനിസ്റ്റർ' പരിപാടി തുടരില്ലെന്നും പി.രാജീവ് വ്യക്തമാക്കി.
മന്ത്രി പോയി ഓരോ തർക്കങ്ങൾ പരിഹരിക്കുന്നത് ആ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നതിന് തെളിവാണ്. എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്‌ച വരുത്തിയാൽ നടപടിയെടുക്കാനുള്ള നിയമപരമായ സംവിധാനം തയാറാകുന്നുണ്ട്. 250 രൂപ മുതൽ 10,000 രൂപ വരെ പിഴയും വകുപ്പുതല അച്ചടക്ക നടപടിയും നടപ്പാക്കാൻ അധികാരമുള്ള സംവിധാനമാണ് തയാറാകുന്നതെന്ന് ജി.സ്റ്റീഫൻ്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
Also Read: കെഎസ്ആർടിസി സാമ്പത്തിക പ്രതിസന്ധി നിയമസഭയിൽ; അടിയന്തര പ്രമേയത്തിന് നോട്ടീസ്