തിരുവനന്തപുരം: യേശുക്രിസ്തു ജറുസലേമിലേക്ക് യാത്ര ചെയ്തതിന്‍റെ ഓര്‍മ്മ പുതുക്കുന്ന ഓശാന ഞായര്‍ ആചരിച്ചു. കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ദിനത്തോടെ ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കമിട്ടു.
പാളയം സെന്‍റ് ജോസഫ് മെട്രോപ്പോലീത്തൻ കത്തീഡ്രലിൽ ഓശാന ഞായർ ശുശ്രൂഷകൾക്ക് തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് സൂസൈപാക്യവും പട്ടം സെന്‍റ് മേരീസ് പള്ളിയിൽ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ലീമ്മീസ് കാതോലിക്കാ ബാവയും നേതൃത്വം നൽകി.
കുരിശാരോഹണത്തിനു മുമ്പ് ഒരിക്കല്‍ യേശുക്രിസ്തു കഴുതപ്പുറത്ത് ജെറുസലേമിലെ തെരുവീഥികളിലൂടെ സഞ്ചരിച്ചപ്പോള്‍ ജനങ്ങള്‍ ഒലിവിലകളും, ഈന്തപ്പനയോലകളും , കുരുത്തോലകളും വീശി എതിരേറ്റതിന്‍റെ ഓര്‍മ്മ പുതുക്കാനാണ് ഓശാന പെരുന്നാള്‍ ആഘോഷിക്കുന്നത്. കരിക്കുറി പെരുന്നാള്‍, പെസഹ വ്യാഴം, യേശുക്രിസ്തുവിന്‍റെ കുരിശുമരണ ദിനമായ ദുഃഖ വെള്ളി, ദുഃഖശനി, ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ദിനമായ ഈസ്റ്റര്‍ എന്നിവയോടെയാണ് വാരാചരണം പൂര്‍ത്തിയാവുക.