തിരുവനന്തപുരം: മെഡിക്കൽ കോളജിൽ അവയവദാന ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ രണ്ട് ഡോക്‌ടര്‍മാർക്ക് സസ്പെൻഷൻ. യൂറോളജി, നെഫ്രോളജി വകുപ്പില്‍ ചുമതല വഹിക്കുന്ന ഡോക്‌ടർമാരെയാണ് സസ്പെൻഡ് ചെയ്‌തത്. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
ഏകോപനത്തിൽ കുറവുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. സംഭവത്തിൽ കൃത്യമായ പരിശോധന നടത്തും. വീഴ്‌ചയുണ്ടെങ്കിൽ ശക്തമായ നടപടിയുണ്ടാകും. മെഡിക്കൽ കോളജിൽ എത്തിച്ച വൃക്കയടങ്ങിയ പെട്ടി ഡോക്‌ടർമാർ എത്തുന്നതിന് മുന്‍പ് ജീവനക്കാരല്ലാത്ത ചിലർ എടുത്തുകൊണ്ട് പോവുകയായിരുന്നു.
ജീവനക്കാരല്ലാത്തതിനാൽ ഇവർക്ക് മെഡിക്കൽ കോളജിലെ ക്രമീകരണങ്ങൾ അറിയില്ലായിരുന്നു. ഇക്കാര്യവും അന്വേഷണത്തിൽ പരിശോധിക്കും. രോഗിക്ക് കൃത്യമായ ചികിത്സ നൽകിയിട്ടുണ്ട്. എട്ട് മണിയോടെ ഡയാലിസിസ് നടത്തി. 8.30 ന് ശസ്ത്രക്രിയ തുടങ്ങി. രക്ഷിക്കാൻ കഴിയാത്തത് നിർഭാഗ്യകരമാണ്. മരണകാരണം അറിയാൻ പോസ്‌റ്റ്‌മോര്‍ട്ടത്തിന് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. ഇങ്ങനെയൊരു സംഭവം ആവർത്തിക്കാൻ പാടില്ലാത്തതാണെന്നും മന്ത്രി വ്യക്തമാക്കി.